മിതമായ നിരക്കില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വെബ്‌സൈറ്റുമായി നിര്‍മ്മാതാക്കള്‍. ഇന്റര്‍നെറ്റ് ഹാന്‍ഡ്‌ലിംഗ് ഫീ എന്നപേരില്‍ ബുക്കിംഗ് സൈറ്റുകള്‍ വലിയ തുകയാണ് പ്രേക്ഷകരില്‍ നിന്ന് ഈടാക്കുന്നത്. എന്നാല്‍ ടിക്കറ്റ് നിരക്കു കുറക്കാന്‍ പുതിയ വെബ്‌സൈറ്റ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (കെഎഫ്പിഎ).
മിതമായ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്ന വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനുമാണ് കെഎഫ്പിഎ കൊണ്ടുവരുന്നത്. വെബ്‌സൈറ്റ് ആരംഭിക്കുന്നതിനായി ഒരു സ്റ്റാര്‍ട്ടപ്പ് ഉള്‍പ്പടെ മൂന്ന് കമ്പനികളുമായി അസോസിയേഷന്‍ ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. അടുത്ത ആഴ്ചയോടെ ഇതില്‍ ഒരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുമെന്നും കെഎഫ്പിഎ വ്യക്തമാക്കി.
ചില ആപ്പുകള്‍ ടിക്കറ്റ് നിരക്കിന്റെ 14 ശതമാനമാണ് ഇന്റര്‍നെറ്റ് ഹാന്‍ഡ്‌ലിംഗ് ഫീ ആയി വാങ്ങുന്നത്. 350 വില വരുന്ന ഗോള്‍ഡ് ക്ലാസ് ടിക്കറ്റ് എടുത്താല്‍ 49.56 രൂപ അധികം നല്‍കേണ്ടതായി വരും. ഇങ്ങനെ ലഭിക്കുന്ന അധികം തുകയില്‍ ഒരു വിഹിതം തിയറ്റര്‍ ഉടമകള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഇതില്‍ നിന്ന് ഗുണം ലഭിക്കുന്നില്ല. അതിനാല്‍ ഇന്റര്‍നെറ്റ് ചാര്‍ജ് കുറക്കുക എന്നതു മാത്രമല്ല പുതിയ സംരംഭം കൊണ്ട് കെഎഫ്പിഎ ഉദ്ദേശിക്കുന്നത്. നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഇതില്‍ നിന്ന് ഒരു വിഹിതം ലഭ്യമാക്കുമെന്നും വ്യക്തമാക്കി. വിതരണക്കാരുടെ സംഘടനയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും നിരക്കിന്റെ കാര്യത്തില്‍ തീരുമാനമാകുകയുള്ളു.