നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്ന വണ്‍ എന്ത് പറയുമെന്ന ആകാംക്ഷയ്ക്ക് വിരാമമായി ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുന്നു. സാങ്കല്‍പിക കഥയെന്ന് പറയുന്നുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സംഭവ വികാസങ്ങളിലൂടെയുള്ള യാത്ര തന്നെയാണ് ചിത്രം. സംശുദ്ധമായ ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താവായ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയുടെ ഇടപെടലുകളും രാഷ്ട്രീയ വീക്ഷണങ്ങളുമാണ് ചിത്രത്തിലുടനീളം. നമ്മള്‍ കണ്ടുവരുന്ന ഘടകകക്ഷികളുടെ കുതികാല്‍ വെട്ട്, അഴിമതി, ഹര്‍ത്താല്‍ തുടങ്ങീ രാഷ്ട്രീയത്തിലെ എല്ലാം തന്നെ ചിത്രത്തിന് പ്രമയേമാകുന്നുണ്ട്.
ജനങ്ങളെ ഭരിയ്ക്കാനല്ല ജനങ്ങള്‍ക്ക് വേണ്ടി ഭരണം നടത്താനാണ് സര്‍ക്കാര്‍ എന്ന് ഓര്‍മ്മപ്പെടുത്തുന്ന ചിത്രം വര്‍ത്തമാന സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. കൊടിയോ, രാഷ്ട്രീയപാര്‍ട്ടിയുടെ ചിഹ്നമോ ഉപയോഗിക്കാതെ മെയ്ക്കിംഗില്‍ പുലര്‍ത്തിയ ജാഗ്രതയും നന്നായിട്ടുണ്ട്. നമ്മള്‍ ജനപ്രതിനിധികളായി തെരഞ്ഞെടുത്തവര്‍ ഹിതകരമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവരെ തിരിച്ചുവിളിയ്ക്കാന്‍ അതേ ജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന റൈറ്റ് റ്റു റീ കോള്‍ എന്ന അണ്ണാഹസാരെ സംഘത്തിന്റെ ആശയമാണ് ചിത്രത്തിന്റെ ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയുടെ കാതല്‍. രാഷ്ട്രീയത്തിനുമപ്പുറം സത്യസന്ധതയ്ക്കും ആത്മാര്‍ത്ഥതയ്ക്കും തുടര്‍ച്ചയുണ്ടാകുമെന്ന സന്ദേശം കടയ്ക്കല്‍ ചന്ദ്രന്‍ എന്ന നേതാവിനെ എല്ലാ തരം പ്രേക്ഷകരേയും ഒരു പോലെ സംതൃപ്തിപ്പെടുത്തുന്നുണ്ട്.
സന്തോഷ് വിശ്വനാഥിന്റെ സംവിധാന മികവ്, വൈദി സോമസുന്ദരത്തിന്റെ ഛായാഗ്രഹണം, നിഷാദ് യൂസഫിന്റെ ചിത്ര സംയോജനം, ഗോപിസുന്ദറിന്റെ പശ്ചാതല സംഗീതം എന്നിവയെല്ലാം തന്നെ ചിത്രത്തിന് മാസ് പരിവേഷം നല്‍കി. മാത്യൂസ്, ബിനു പപ്പു, മുരളി ഗോപി, ജഗദീഷ്, സിദ്ദിഖ്, സലീംകുമാര്‍ തുടങ്ങീ ചിത്രത്തിലെത്തിയ എല്ലാതാരങ്ങളുടേയും പ്രകടനം നന്നായിരുന്നു. വര്‍ത്തമാന സാഹചര്യത്തില്‍ കയ്യടി കിട്ടേണ്ടുന്ന രംഗങ്ങളെ സമന്വയിപ്പിച്ചതിനൊപ്പം പുതിയ ഒരു ആശയം തൂടെ മുന്നോട്ട് വെച്ച് കൊണ്ടാണ് വണ്‍ യാത്ര തുടരുന്നത്.