
ഷാരൂഖ് ഖാന് എന്ത് മാനദണ്ഡത്തിലാണ് മികച്ച നടനുള്ള അവാർഡ് നൽകിയതെന്ന ചോദ്യവുമായി നടി ഉർവശി രംഗത്ത്. കൂടാതെ വിജയരാഘൻ എങ്ങനെ സഹനടനായെന്നും, പ്രത്യേക ജൂറി പരാമർശം എങ്കിലും വിജയരാഘവന് കൊടുത്തൂടായിരുന്നുവോ, അദ്ദേഹത്തിന്റെ സിനിമാ അനുഭവം എന്തെങ്കിലും ജൂറി അന്വേഷിച്ചിരുന്നോ എന്നും ഉർവശി ചോദിച്ചു. 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിനു പിന്നാലെയാണ് ഉർവശിയുടെ പ്രതികരണം.
കുട്ടേട്ടന്റെയും ഷാരൂഖ് ഞാന്റെയും അഭിനയത്തിൽ എന്ത് മാനദണ്ഡത്തിലാണ് ജൂറി ഏറ്റക്കുറച്ചിൽ കണ്ടത്?. കുട്ടേട്ടന്റെ സിനിമയിലെ ഇത്രയും കാലത്തെ അനുഭവം. സിനിമയ്ക്ക് വേണ്ടി ആ മനുഷ്യൻ ചെയ്ത ത്യാഗം. അതിനൊരു പ്രത്യേക ജൂറി പരാമർശം എങ്കിലും കൊടുത്തൂടെ? അതെങ്ങനെ സഹനടനായി? എന്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ എന്നത് മാത്രമാണ് ഞാൻ ചോദിക്കുന്നത്. അദ്ദേഹത്തിന്റെ എക്സ്പീരിയൻസിനെ കുറിച്ച് ജൂറി അന്വേഷിച്ചിരുന്നോ? ഇതുപോലൊരു കഥാപാത്രം മുൻപ് മറ്റേതെങ്കിലും നടൻ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ടോ? ഷാരൂഖ് ഖാന് എന്ത് മാനദണ്ഡത്തിലാണ് മികച്ച നടനുള്ള അവാർഡ് നൽകിയത്. ഉർവശി ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. ഷാരൂഖ് ഖാനും വിക്രാന്ത് മസിയുമായിരുന്നു മികച്ച നടൻമാർ.
മൂന്നു പതിറ്റാണ്ടിലെ സിനിമാ ജീവിതത്തിൽ ആദ്യമായാണ് ഷാരൂഖ് ഖാന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്.
അറ്റ്ലി സംവിധാനംചെയ്ത ജവാൻ എന്ന ചിത്രത്തിലെ പ്രകടനമാണ് അദ്ദേഹത്തെ പുരസ്കാരത്തിനർഹനാക്കിയത്. മികച്ച രണ്ടാമത്തെ നടൻ വിജയരാഘവനായിരുന്നു. ഷാരൂഖ് ഖാൻ മികച്ച നടനായതിനു പിന്നാലെ നിരവധി വിമർശനങ്ങളും വന്നു. ദേശീയ അവാർഡ് കിട്ടേണ്ട ചിത്രങ്ങൾ ചെയ്തപ്പോഴൊന്നും കിട്ടാതെ ജവാൻ പോലൊരു സിനിമയ്ക്കാണോ അവാർഡ് നല്കുനന്നത് എന്ന തരത്തിലായിരുന്നു പലരുടെയും പ്രതികരണം.