പ്രേക്ഷകരോട് നീതി പുലര്‍ത്താത്ത ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ സിനിമകള്‍ക്ക് നല്ലതല്ലെന്ന് പ്രശസ്ത സംവിധായകന്‍ മനോജ് കാന. തന്റെ ചിത്രം ‘കെഞ്ചിര’ റിലീസ് ചെയ്ത പ്ലാറ്റ്‌ഫോം ഉത്തരവാദിത്ത്വമില്ലായ്മ കാട്ടിയെന്നും മനോജ് കാന വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ദേശീയ ശ്രദ്ധ നേടിയ ‘കെഞ്ചിര’ ഓഗസ്റ്റ് 17 ന് പുതിയ ഒ ടി ടി പ്ലാറ്റ്‌ഫോമായ ആക്ഷന്‍ ഒ ടി ടി യിലാണ് റിലീസ് ചെയ്തത്. അവരുടെ ഉദ്ഘാടനചിത്രവുമായിരുന്നു ‘കെഞ്ചിര’. എന്നാല്‍ ആക്ഷന്‍ ഒ ടി ടി പ്ലാറ്റ്‌ഫോം അവര്‍ ഒരുക്കേണ്ട സാങ്കേതിക കാര്യങ്ങളൊന്നും തയ്യാറാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്ക് ചിത്രം കാണാന്‍ കഴിഞ്ഞില്ല. വലിയ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ‘കെഞ്ചിര’ ഇതുമൂലം സാമ്പത്തിക നഷ്ടത്തിന് ഇടയാക്കിയെന്നും മനോജ് കാന പറഞ്ഞു. ഒരു ചിത്രം റിലീസ് ചെയ്യുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ആ പ്ലാറ്റ്‌ഫോം ഒരുക്കിയിരുന്നില്ല. ഈ ദുരവസ്ഥയില്‍ തനിക്കേറെ പ്രയാസമുണ്ടെന്ന് മനോജ് കാന പറഞ്ഞു. തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ വലിയ പ്രതീക്ഷയാണ്. എന്നാല്‍ ഇത്തരത്തില്‍ നിരുത്തരവാദപരമായി പെരുമാറുന്ന ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ സിനിമയെ തകര്‍ക്കുകയാണെന്നും മനോജ് കാന പറഞ്ഞു. ആക്ഷന്‍ ഒ ടി ടി ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
‘കെഞ്ചിര’ സെപ്റ്റംബര്‍ 7ന് നീ സ്ട്രീം ഒ ടി ടി യില്‍ റിലീസ് ചെയ്യും. മനോജ് കാന കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നേര് ഫിലിംസും, മങ്ങാട്ട് ഫൗണ്ടേഷനും സംയുക്തമായാണ് നിര്‍മ്മിച്ചത്. വയനാട്ടിലെ ആദിവാസി സമൂഹമായ പണിയ വിഭാഗത്തിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും നേര്‍സാക്ഷ്യമാണ് ‘കെഞ്ചിര’. നൂറ്റാണ്ടുകളായി ആദിവാസി സമൂഹം നേരിടുന്ന അവഗണനയും അടിച്ചമര്‍ത്തലുമാണ് ‘കെഞ്ചിര’യുടെ ഇതിവൃത്തം. 2020 ല്‍ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘കെഞ്ചിര’ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ മികച്ച ഭാഷാ ചിത്രത്തിനുള്ള പുരസ്‌ക്കാരവും മൂന്ന് കേരള സംസ്ഥാന പുരസ്‌ക്കാരങ്ങളും നേടിയിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രമായും തെരങ്ങെടുക്കപ്പെട്ടു. കാന്‍ ചലച്ചിത്രമേളയില്‍ സ്‌ക്രീനിംഗിനായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കോവിഡ് രൂക്ഷമായതിന്റെ സാഹചര്യത്തില്‍ സ്‌ക്രീനിംഗ് നടന്നില്ല. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവെല്ലിലും ഉള്‍പ്പെടെ വിവിധ മേളകളില്‍ ‘കെഞ്ചിര’ പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള അവാര്‍ഡ്, മികച്ച ക്യാമറാമാനുള്ള അവാര്‍ഡ് പ്രതാപ് പി നായര്‍ക്കും വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് അശോകന്‍ ആലപ്പുഴയ്ക്ക് ലഭിച്ചതും ‘കെഞ്ചിര’യിലൂടെയായിരുന്നു. എറണാകുളം പ്രസ്സ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നേര് കള്‍ച്ചറള്‍ സൊസൈറ്റി ഭാരവാഹി പി.കെ.പ്രിയേഷ് കുമാര്‍, പി ആര്‍ സുമേരന്‍ (പി ആര്‍ ഒ) എന്നിവരും സംബന്ധിച്ചു.