അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല; കേസെടുക്കാനുള്ള സാഹചര്യമില്ലെന്ന് നിയമോപദേശം

','

' ); } ?>

ദളിത്-സ്ത്രീ വിഭാഗങ്ങൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല. അടൂരിനെതിരെ കേസെടുക്കാനുള്ള സാഹചര്യമില്ല എന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. ഇതോടെ മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കേസ് ഒഴിവാക്കിയിരിക്കുകയാണ്.

ദളിത് ആക്ടിവിസ്റ്റായ ദിനു വെയിലാണ് അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കിയിരുന്നത്. അടൂരിന്റെ പ്രസംഗത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ അവഹേളനം പ്രഥമദൃഷ്ട്യാ കണ്ടെത്താന്‍ കഴിയില്ല. അതിനാല്‍ എസ്‌സി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കേസെടുക്കാന്‍ കഴിയില്ല എന്നുമാണ് നിയമോപദേശം.

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനിലും എസ്‌സി/ എസ്ടി കമ്മിഷനിലുമാണ് ദിനു പരാതി നല്‍കിയത്. അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന പിന്നാക്ക വിഭാഗത്തില്‍പെട്ടവരെ അപമാനിക്കുന്നതാണെന്നാണ് പരാതിയില്‍ പറഞ്ഞത്. അടൂരിനെതിരെ എസ്‌സി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ദിനു ആവശ്യപ്പെട്ടിരുന്നു.

പട്ടികജാതി വിഭാഗത്തിൽനിന്നു സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നും സ്ത്രീകളായതു കൊണ്ടു മാത്രം സിനിമയെടുക്കാൻ പണം നൽകരുതെന്നായിരുന്നു അടൂരിന്റെ പരാമർശം. കൂടാതെ പലരും ചെയ്ത സിനിമകൾ നിലവാരമില്ലാത്തതെണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ചലച്ചിത്ര വികസന കോർപറേഷൻ വെറുതേ പണം നൽകരുത്. ഒന്നരകോടി രൂപ എന്ന് പറയുന്നത് ചെറിയ സംഖ്യ അല്ല. അത് അഴിമതിക്ക് കാരണമാകും എന്നും അടൂർ കൂട്ടിച്ചേർക്കുകയുണ്ടായി. കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പരാമർശം.

അടൂരിന്റെ പ്രസ്താവനനയ്‌ക്കെതിരെ മന്ത്രി ആർ ബിന്ദുവും, സംവിധായിക ശ്രുതിയുമടക്കം നിരവധിപേരാണ് രംഗത്തു വന്നിട്ടുള്ളത്.’വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം. മനുഷ്യനാകണം, എന്നായിരുന്നു മന്ത്രി ആര്‍.ബിന്ദുവിന്റെ പ്രതികരണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. അപ്പർ ക്ലാസ് പ്രിവിലേജിൽ ജീവിച്ചവർക്ക് താഴെയുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാവുകയില്ലെന്നും, അടൂരിനെപ്പോലൊരാൾ ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് മുൻപ്, തങ്ങളിൽ ഒരാളുടെയെങ്കിലും ചിത്രം ഒന്നു കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണെന്നും ശ്രുതി വ്യക്തമാക്കിയിരുന്നു.