
പത്തു ദിവസം കൊണ്ട് നൂറു കോടി ക്ലബ്ബിൽ കയറി നിവിൻ പോളി ചിത്രം ‘സർവം മായ’. ആഗോള കളക്ഷൻ റെക്കോർഡാണിത്. സാക്നിൽക്കിൻ്റെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്ന് മാത്രമായി 52.85 കോടി കളക്ഷനുണ്ട്. വിദേശത്ത് നിന്ന് 47.15 കോടിയും നേടി. ആദ്യ ദിനത്തിൽ 3.35 കോടി നേടിയ ചിത്രം നാലാമത്തെ ദിവസമായപ്പോഴേക്കും 5.8 കോടി പ്രതിദിന കളക്ഷൻ നേടി. ഏഴാമത്തെ ദിവസം 3.5 കോടിയിലേക്ക് കളക്ഷൻ ഇടിഞ്ഞുവെങ്കിലും എട്ടാം ദിവസം 5.2 കോടിയായി ഉയർന്നു. പത്താമത്തെ ദിവസം 4.9 കോടിയുടെ കളക്ഷനും നേടി.
നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണിത്. പരീക്ഷണങ്ങള്‍ക്ക് പിന്നാലെ പോയും മോശം തിരക്കഥകളും മൂലം തുടര്‍ച്ചയായി പരാജയം നേരിടേണ്ടി വന്ന താരമാണ് നിവിന്‍ പോളി. ഒരുകാലത്ത് ബോക്‌സ് ഓഫീസില്‍ നിവിന് വട്ടം വെക്കാന്‍ ആരുമുണ്ടായിരുന്നില്ല. സാക്ഷാല്‍ മോഹന്‍ലാലിനെ പോലും പലവട്ടം നിവിന്‍ ക്ലാഷില്‍ പിന്നിലാക്കിയിട്ടുണ്ട്.
നേട്ടത്തിൽ പ്രേക്ഷകർക്ക് നന്ദിയറിയിച്ച് നിവിൻ പോളി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. അഖിൽ സത്യൻ ഒരുക്കിയ ഫാന്റസി ഹൊറർ കോമഡി ചിത്രമാണ് സർവ്വം മായ. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’യ്ക്കുണ്ട്. 2025 ഡിസംബർ 25-ന് ക്രിസ്മസ് റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്.
മലയാളത്തിന്റെറെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫയർഫ്ളൈ ഫിലിംസിൻ്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്‌ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്. സിനിമറ്റോഗ്രാഫി: ശരൺ വേലായുധൻ നിർവ്വഹിക്കുന്നു.