
ആക്ഷൻ ഹീറോ ബിജു റിലീസായതിന് പിന്നാലെ പൊലീസ് സിനിമകൾക്ക് ഒരു മാറ്റം വന്നുവെന്ന് തുറന്നു പറഞ്ഞ് നടൻ നിവിൻ പോളി. ഹീറോയിസത്തിനേക്കാൾ റിയലിസത്തിന് പ്രാധാന്യം നൽകിയ സിനിമയായിരുന്നു ചിത്രമെന്നും, ആദ്യം ആളുകൾക്ക് ചിത്രം അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും നിവിൻ പോളി പറഞ്ഞു. സർവ്വം മായ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പേളി മാണി ഷോയിൽ നൽകിയ അഭിമുഖത്തിൾ സംസാരിക്കുകയായിരുന്നു നിവിൻ പോളി.
“നമ്മുടെ മനസിൽ ഒരു പൊലീസ് കഥയെന്ന് പറയുമ്പോൾ ഒരു ആക്ഷൻ സിനിമയായിരിക്കും വരുന്നത്. ഇങ്ങനെയൊരു നറേറ്റീവ് നമുക്കധികം കണ്ട് പരിചയമില്ല. ഇതുപോലെയൊരു സിനിമ മുൻപ് വന്നിട്ടില്ല. ഷൈൻ ചേട്ടൻ അന്ന് എന്നോട് പറഞ്ഞിരുന്നു, ‘എടാ ഒന്നുകിൽ ഈ സിനിമ വർക്ക് ആകും അല്ലെങ്കിൽ ഇത് ഭയങ്കര ഫ്ലോപ്പ് ആയിരിക്കും’ എന്ന്. ചെയ്യുകയാണെങ്കിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് പറഞ്ഞിട്ടാണ് അദ്ദേഹം ഈ പാറ്റേൺ ഉണ്ടാക്കിയത്. എനിക്ക് തോന്നുന്നു ബിജു ഇറങ്ങിയതിന് ശേഷം വന്ന പൊലീസ് സിനിമകളെല്ലാം പിന്നീട് ഈ പാറ്റേണിലേക്ക് മാറി.” നിവിൻ പോളി പറഞ്ഞു.
“മുൻപ് കാണിച്ചിരുന്ന ഒരു പൊലീസ് സ്റ്റേഷൻ പോലെയല്ല, കുറച്ചു കൂടി റിയലിസ്റ്റിക് പൊലീസ് സ്റ്റേഷനിലേക്ക് വന്നു. ആദ്യം സിനിമ കണ്ടവരെല്ലാം നെഗറ്റീവായിരുന്നു പറഞ്ഞത്. എനിക്ക് തോന്നു ആ സിനിമയുടെ ടൈറ്റിലും, അതുപോലെ പൊലീസ് വേഷമെന്നൊക്കെ പറഞ്ഞപ്പോൾ ആളുകൾ ഒരു ആക്ഷൻ പടമായിരിക്കും പ്രതീക്ഷിച്ചത്. അപ്പോൾ ഇങ്ങനെയൊരു പടം അവർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. പിന്നീട് പതുക്കെ രണ്ടാമത്തെ ആഴ്ചയാണ് പടം കയറി വരുന്നത്. ഹീറോയിസത്തിനേക്കാൾ റിയലിസത്തിന് പ്രാധാന്യം നൽകിയ സിനിമയായിരുന്നു അത്.” നിവിൻ പോളി കൂട്ടിച്ചേർത്തു.
എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. നിവിൻ പോളി നായകനായെത്തിയ ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. ബിജു പൗലോസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നിവിനെത്തിയത്. അതേസമയം ഡിസംബർ 25ന് ക്രിസ്മസ് റിലീസായാണ് ‘സർവ്വം മായ’ തിയറ്ററുകളിലെത്തുന്നത്. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസും പ്രധാന വേഷത്തിലെത്തുന്നുണ്ട്.