
സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുടെ പുതിയ പതിപ്പ് ഇന്ന് രാവിലെ റീസെൻസറിങ്ങിന് സമർപ്പിച്ചു. ഇന്നലെ വൈകിട്ട് തന്നെ സെൻസർ ബോർഡിന്റെ ആവശ്യപ്രകാരമുള്ള റീ എഡിറ്റ് പൂർത്തിയായിരുന്നു. പുതിയ പതിപ്പ് ലഭിച്ച് മൂന്ന് ദിവസത്തിനകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. ചൊവ്വാഴ്ചയോടെ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം ഹൈക്കോടതി ചിത്രം കണ്ടിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് കണ്ട് പരിശോധിക്കാനായിരുന്നു ഇങ്ങനെയൊരു അസാധാരണമായ നീക്കം കോടതി കൈകൊണ്ടത്. സിനിമ കണ്ട ഇന്നലെ കേസ് വീണ്ടും കോടതി പരിഗണിച്ചതിനു പിന്നാലെ ചിത്രത്തിന്റെ യഥാർത്ഥ പേര് മാറ്റാനുള്ള സെൻസർ ബോർഡ് തീരുമാനത്തെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ അംഗീകരിച്ചിരിക്കുകയാണ്.
എന്നാൽ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതുമായി ബന്ധപ്പെട്ട് നൽകിയ കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേയ്ക്ക് മാറ്റിയിട്ടുമുണ്ട്. ചിത്രം എത്രയും വേഗം തീയറ്ററുകളിൽ എത്തിക്കുക എന്നതിന്റെ ഭാഗമായാണ് സെൻസർ ബോർഡ് മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിക്കാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചത്. സിനിമയിൽ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളിൽ മാറ്റമുണ്ടാകില്ല. കേന്ദ്ര കഥാപാത്രമായ ജാനകിയെ വിചാരണ ചെയ്യുന്ന രംഗങ്ങളിൽ പേര് മ്യൂട്ട് ചെയ്യുകയായിരിക്കും ചെയ്യുക.
ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നാണ് സെൻസർ ബോർഡ് നിർദേശിച്ചതെന്നും ഹാരിസ് ബീരാൻ പറഞ്ഞു. എഡിറ്റ് ചെയ്ത സിനിമ എത്രയും വേഗം സെൻസർ ബോർഡിന് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം ‘ജാനകി’ എന്ന പേരിലാണ് കുടുങ്ങിയത്. പീഡനത്തിരയായി ഗർഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നൽകിയതാണ് വിവാദമായത്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി സെൻസർ ബോർഡ് രംഗത്തെത്തി. എന്നാൽ പേര് മാറ്റാൻ കഴിയില്ലെന്നായിരുന്നു നിർമാതാക്കൾ ആദ്യം കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും നിർമാതാക്കൾ കോടതിയെ അറിയിച്ചു. ഇതോടെ ചിത്രം കാണാനുള്ള തീരുമാനത്തിലേക്ക് ഹൈക്കോടതി ജഡ്ജി എൻ നഗരേഷും എത്തിയിരുന്നു. എന്നാൽ ഇതിന് ശേഷവും സെൻസർ ബോർഡ് പേരിലെ മാറ്റം ആവശ്യപ്പെടുകയായിരുന്നു.