
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നരിവേട്ട’യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ് എന്റർടെയ്ൻമെന്റ്. 2003-ൽ സി കെ ജാനുവിന്റെ നേതൃത്വത്തിൽ നടന്ന മുത്തങ്ങ സമരത്തിന്റെയും അതിനെത്തുടർന്നുണ്ടായ സംഭവങ്ങളെയും അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് നരിവേട്ട.
കഴിഞ്ഞ വർഷം റിലീസായ ടൊവിനോയുടെ എ ആർ എം ചിത്രം തമിഴ് നാട്ടിൽ നേടിയ ശ്രദ്ധ പരിഗണിച്ചാണ് എ ജി എസ് ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, നൂറു കോടി ക്ലബിൽ ഇടം നേടിയ ‘ഡ്രാഗൺ’ എന്ന ചിത്രവും എ ജി എസ് തന്നെയാണ് നിർമ്മിച്ചത്.
മെയ് 16ന് ആഗോള റിലീസിന് തയ്യാറെടുക്കുന്ന നരിവേട്ടയിൽ ടൊവിനോ വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളായി അഭിനയിക്കുമ്പോൾ, സുരാജ് വെഞ്ഞാറമൂട് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് ആയി എത്തുന്നു. ചേരൻ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ചേരന്റെ ആദ്യത്തെ മലയാള ചിത്രമാണിത്.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സനും ടിപ്പു ഷാനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിൽ ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.