
വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനത്തിൽ ‘ബീ എ ഹീറോ’ എന്ന പേരിൽ ആരംഭിച്ച ഒരുവർഷം നീളുന്ന ലഹരിവിരുദ്ധ ക്യാമ്പെയിൻ നടൻ മോഹൻലാൽ ഉദഘാടനം ചെയ്തു. ലൂസിഫർ സിനിമയിലെ ഡ്രഗ്സിനെ കുറിച്ചുള്ള “എന്നെ അറിയുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് നർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്” എന്ന ഡയലോഗോടെയാണ് മോഹൻലാൽ ഉദഘാടന പ്രസംഗം ആരംഭിച്ചത്. സിയാൽ കൺവെൻഷൻ സെന്ററിലായിരുന്നു പരിപാടി.
‘എന്നെ അറിയുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് നർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്….’ ഇരകളെയാണ് ഈ വിപത്തിനാവശ്യം. ഉണർന്ന് ഊർജ്വസ്വലതയോടെ പ്രവർത്തിക്കേണ്ട യുവത്വത്തെ ഇരകളാക്കി മയക്കിക്കിടത്താൻ അനുവദിക്കരുത്. നാം ഓരോരുത്തരും മനുഷ്യരക്ഷകരാകുന്ന സൂപ്പർ ഹീറോകളായി മാറേണ്ട സമയമാണിത്. ലഹരിയുടെ തീക്കനലിൽവീണ് വരണ്ടുപോകാൻ ഒരു ജീവനെയും അനുവദിക്കരുത്’ – മോഹൻലാൽ പറഞ്ഞു.
വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവി, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കൊച്ചിൻ സോണൽ ഡയറക്ടർ വേണുഗോപാൽ ജി. കുറുപ്പ് എന്നിവർ സംസാരിച്ചു. ഡോ. ടെസി ഗ്രേസ് മാത്യൂസ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഐഐടി പാലക്കാട്), യോഗ ട്രെയിനറും തെറപ്പിസ്റ്റുമായ ഗിരിജ ബി. നായർ എന്നിവർ ക്ലാസ് നയിച്ചു. വിശ്വശാന്തി ഫൗണ്ടേഷനും നർകോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്നുനടത്തുന്ന കാംപെയ്‌നിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.