
ഈ കാലഘട്ടത്തിലെ ഏറ്റവും ഇഷ്ടപെട്ട സിനിമ തമിഴ് ചിത്രമായ മെയ്യഴകന്‍ എന്ന് നടന്‍ നാനി പറഞ്ഞു. ആ സിനിമയെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ താൻ ഹാപ്പിയാകും. കാലാതീതമായ ഒരു ക്ലാസിക് സിനിമ നൽകിയതിന് സംവിധായകൻ പ്രേമിന് നന്ദി അറിയിക്കുന്നു എന്നാണ് ഈ വിഷയത്തിൽ നാനി പ്രതികരിച്ചത്.
വളരെ മാജിക്കൽ ആയ സിനിമയാണ് മെയ്യഴകൻ. വളരെ പേർസണൽ ആയ, നമ്മളെ ഏറെ സ്വാധീനിക്കുന്ന കഥ കൂടിയാണത്. കാർത്തിയോടും അരവിന്ദ് സ്വാമിയോടും ഒരുപാട് ബഹുമാനം തോന്നി. സിനിമ കണ്ടിട്ട് ഞാൻ കാർത്തിയെ വിളിച്ചിരുന്നു. എനിക്ക് സിനിമ വളരെയധികം ഇഷ്ടമായ കാര്യം ഞാൻ അദ്ദേഹത്തെ അറിയിച്ചു. അരവിന്ദ് സാമി സാറിനോടും എന്റെ ആശംസകൾ അറിയിക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു,’ നാനി പറഞ്ഞു.
കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ഫീൽ ഗുഡ് ഡ്രാമ ചിത്രമായിരുന്നു മെയ്യഴകൻ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമക്ക് തിയേറ്ററിൽ വമ്പൻ വിജയം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ സിനിമയുടെ ഒടിടി റിലീസിന് ശേഷം വലിയ സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്.സെപ്റ്റംബർ 27 നായിരുന്നു മെയ്യഴകൻ തിയേറ്ററിലെത്തിയത്. ചിത്രത്തിന് ദൈർഘ്യം കൂടുതലാണെന്ന വിമർശനമുയർന്നതിനെ തുടര്‍ന്ന് 18 മിനിറ്റോളം ട്രിം ചെയ്തിരുന്നു. നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചത്. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അതേസമയം നാനിയുടെ ഹിറ്റ് 3 മെയ് ഒന്നിനാണ് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ഡോ.ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗംഭീരമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു വമ്പന്‍ സിനിമാ അനുഭവം നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. തെന്നിന്ത്യൻ നായകൻ നാനി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ് 3. നടന്റെ 32-ാമത് സിനിമയായി ഒരുങ്ങുന്ന ഹിറ്റ് 3 വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. മാസ് മസാല ചിത്രങ്ങൾ കളം വാഴുന്ന തെലുങ്ക് സിനിമയിൽ കലാമൂല്യമുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ ശ്രദ്ധ നേടിയ നടൻ കൂടിയാണ് നാനി. ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ കുമ്പളങ്ങി നൈറ്റ്സ് ആണെന്നും മഞ്ഞുമ്മൽ ബോയ്സ് കണ്ട് തന്റെ കിളി പറന്നുവെന്നും, പ്രമോഷന്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തനിക്ക് പ്രിയപ്പെട്ട മലയാള സിനിമകളെക്കുറിച്ച് നാനി പറയുകയുണ്ടായിരുന്നു.ആവേശം, ലൂസിഫർ, കണ്ണൂർ സ്‌ക്വാഡ്, ഭീഷ്മ പർവ്വം തുടങ്ങിയ സിനിമകൾ ഇഷ്ടമായെന്നും എന്നാൽ എമ്പുരാൻ ഇതുവരെ കാണാൻ സാധിച്ചിട്ടില്ലെന്നും നാനി കൂട്ടിച്ചേർത്തു. നിരവധി തമിഴ്, മലയാളം സിനിമകൾ കണ്ടിട്ടുണ്ട്. ഫേമസ് ആകുന്ന ചിത്രങ്ങൾ ആദ്യകാലത്ത് കാസ്റ്റിൽ കണ്ടിട്ടുണ്ട്. യോദ്ധ, മണിചിത്രത്താഴ് തുടങ്ങിയ മലയാള സിനിമകളുടെ ഡബ്ബിങ് വേർഷൻ കണ്ടിട്ടുണ്ട്. സുരേഷ് ഗോപിയുടെ സിനിമകൾ കണ്ടിട്ടുണ്ട്. എന്റെ മലയാളത്തിലെ പ്രിയപ്പെട്ട സിനിമകളിൽ മുൻപന്തിയിൽ ഉള്ള ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. അതുപോലെ ട്രാൻസ് ഇഷ്ടമാണ്. മഞ്ഞുമ്മൽ ബോയ്സ് കണ്ട് അത്ഭുതപ്പെട്ടുപോയി. ആവേശം, ലൂസിഫർ എന്നീ ചിത്രങ്ങളും എനിക്ക് ഇഷ്ടമാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. കണ്ണൂർ ഭീഷ്മ പർവ്വവും എനിക്ക് ഇഷ്ടമാണ്. ഇങ്ങനെ എനിക്ക് ഇഷ്മായ ഒരുപാട് മലയാള സിനിമകൾ ഉണ്ട്,’ നാനി പറഞ്ഞു.