
രജനികാന്ത് ലോകേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം “കൂലി”യിൽ വില്ലൻ വേഷമാണ് ചെയ്യുന്നതെന്ന് സ്ഥിതീകരിച്ച് തെലുങ്ക് സൂപ്പർ സ്റ്റാർ നാഗാർജുന. സ്ത്രീകളോടുള്ള തന്റെ പെരുമാറ്റ രീതി സിനിമയിൽ വ്യത്യസ്തമാണെന്നും ആളുകൾ ഇങ്ങനെ ആണോ പെരുമാറുന്നത് എന്ന് താൻ ലോകേഷിനോട് ചോദിച്ചപ്പോൾ അതെ ആളുകൾ ദുഷ്ടരാണ് എന്നാണ് മറുപടി നൽകിയതെന്നും നാഗാർജുന പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘ആളുകൾ ഇങ്ങനെയാണോ പെരുമാറുന്നത് എന്ന് ഞാൻ ലോകേഷിനോട് ചോദിച്ചു, ‘അതെ, ആളുകൾ ദുഷ്ടരാണ്’ എന്ന് അദ്ദേഹം പറഞ്ഞു. കൂലിയിൽ ഞാൻ സ്ത്രീകളോട് പെരുമാറുന്ന രീതി മാറി. വില്ലൻ വേഷം ആയാൽ പോലും, ലോകേഷ് എന്നെ അവതരിപ്പിക്കുന്ന രീതിയില്‍ എനിക്ക് കൂടുതല്‍ ആകര്‍ഷണം വന്നെന്നാണ് ആളുകള്‍ പറയുന്നത്. നാഗാർജുന പറഞ്ഞു.
മാത്രമല്ല ധനുഷിനൊപ്പം അഭിനയിക്കുന്ന കുബേരയുടെയും ലോകേഷിന്‍റെ കൂലിയുടെയും ചിത്രീകരണവും ഏകദേശം ഒരേ സമയമായിരുന്നെന്നും ഇരു ചിത്രങ്ങളിലും താന്‍ മാറി മാറി അഭിനയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് ചിത്രങ്ങളിലൂടെ ഞാന്‍ കൂടുതല്‍ മികച്ച അഭിനേതാവായി മാറിയെന്നാണ് വിശ്വസിക്കുന്നതെന്നും നാഗാര്‍ജുന കൂട്ടിച്ചേർത്തു’.
രജനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘കൂലി’. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് രജനി ആരാധകർ സ്വീകരിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് കൂലി ഒരുങ്ങുന്നത്. മാത്രവുമല്ല രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂലി. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തില്‍ അതിഥി താരമായി താന്‍ എത്തുന്നുണ്ടെന്ന് ബോളിവുഡ് താരം ആമീര്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു.