
ചന്ദ്രലേഖ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ നാഗാർജുന തന്നെ 14 തവണ തല്ലിയെന്ന് വെളിപ്പെടുത്തി നടി ഇഷ കോപ്പികർ. സിനിമാ നടന്മാർ കാമറക്ക് മുന്നിൽ അഭിനയിക്കേണ്ടതുണ്ട്. ചിലപ്പോൾ കഥാപാത്രത്തിന്റെ മാനസികാവസ്ഥ ശരിയായി ചിത്രീകരിക്കാൻ അവരുടെ കഥാപാത്രം കടന്നുപോകുന്ന വികാരങ്ങളിലൂടെ കടന്നുപോകേണ്ടിവരുമെന്നും ഇഷ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നൽകിയ ഒരഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
“എന്റെ രണ്ടാമത്തെ ചിത്രമായ “ചന്ദ്രലേഖയിൽ”നാഗാർജുന എന്നെ അടിക്കുന്ന ഒരു രംഗമുണ്ട്. എനിക്ക് ആ ഇമോഷൻ ശരിക്കും ഫീൽ ചെയ്തു അഭിനയിക്കണം എന്നുണ്ടായിരുന്നു. അത്കൊണ്ട് അദ്ദേഹത്തോട് എന്നെ ശരിക്കും അടിക്കാൻ പറഞ്ഞു. ഓക്കെ ആണോ എന്ന് ആദ്യം അദ്ദേഹം എന്നോട് ചോദിച്ചു. ആദ്യം വളരെ ചെറുതായിട്ടാണ് അദ്ദേഹം അടിച്ചത്. യഥാർത്ഥ ജീവിതത്തിൽ എനിക്ക് ദേഷ്യപ്പെടാൻ കഴിയുമെങ്കിലും കാമറക്ക് മുന്നിൽ എനിക്ക് ദേഷ്യപ്പെടാൻ കഴിയില്ല. ഈ ഒരു പ്രശ്നം കൊണ്ട് നാഗാർജുനക്ക് എന്നെ 14 തവണയാണ് അടിക്കേണ്ടി വന്നത്. അവസാനമായപ്പോഴേക്കും എന്റെ മുഖത്ത് പാടുകൾ വീണു. ആ രംഗത്തിന് ശേഷം നാഗാർജുന എന്നോട് ക്ഷമ ചോദിച്ചു”. ഇഷ പറഞ്ഞു.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ചന്ദ്രലേഖ എന്ന സിനിമയുടെ റീമേക്കാണ് 998ൽ കൃഷ്ണ വംശി സഹരചനയും സംവിധാനവും ചെയ്ത “ചന്ദ്രലേഖ”.രമ്യ കൃഷ്ണൻ, ശ്രീകാന്ത്, എം. എസ് നാരായണ തുടങ്ങി നിരവധി താരങ്ങൾ ഈ തെലുങ്ക് റീമേക്കിൽ അഭിനയിച്ചിരുന്നു.ഗ്രേറ്റ് ഇന്ത്യ എന്റർപ്രൈസസിന്റെ ബാനറിൽ നാഗാർജുനയും വി. റാം പ്രസാദും ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ വിജയമായിരുന്നു.