
തന്റെ അച്ഛന്റെ സുഹൃത്തുക്കളുമായി ബന്ധം സൂക്ഷിക്കാറില്ലെന്ന് തുറന്നു പറഞ്ഞ് നടൻ ധ്യാൻ ശ്രീനിവാസൻ. പാലക്കാട് വെച്ച് നടന്ന ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം ‘ഭീഷ്മറി’ന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞു മടങ്ങുമ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈസ്റ്റ് കോസ്റ്റ് വിജയൻ അച്ഛന്റെ സുഹൃത്താണെന്നും ഇവരൊക്കെ തനിക്ക് ഇന്നേവരെ പാര മാത്രമേ വെച്ചിട്ടുള്ളുവെന്നും തമാശ പറഞ്ഞ് ചിരി പടർത്തിയിരിക്കുകയാണ് ധ്യാൻ.
“ഈസ്റ്റ് കോസ്റ്റ് വിജയൻ അച്ഛന്റെ സുഹൃത്താണ് അതുകൊണ്ട് ഞാൻ അധികം ബന്ധം പുലർത്താറില്ല. അച്ഛന്റെ സുഹൃത്തുക്കൾ നമുക്ക് ഇന്നേവരെ പാര മാത്രമേ വെച്ചിട്ടുള്ളൂ. ഇപ്പോൾ പെർഫോമൻസ് മോശമാണെങ്കിൽ വീട്ടിലേക്ക് വിളി പോകും. അതുകൊണ്ട് ആ ടെൻഷനിലാണ് ഞാൻ. മമ്മൂക്കയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നു…അമ്മയുടെ പുതിയ കമ്മിറ്റിക്ക് ആശംസകൾ’, ധ്യാൻ പറഞ്ഞു.
അതേസമയം, ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം ‘ഭീഷ്മറി’ന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞു. പാലക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന ഒരു കോമഡി ത്രില്ലർ ചിത്രമാണിതെന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘കള്ളനും ഭഗവതിക്കും’ ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദിവ്യ പിള്ളയോടൊപ്പം രണ്ട് പുതുമുഖങ്ങളും നായികമാരായി എത്തുന്നു. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. കൂടാതെ ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയിൻമെന്റ്സാണ് ഓഡിയോ ലേബൽ. പ്രേക്ഷകപ്രീതി നേടിയ ‘കള്ളനും ഭഗവതിയും’, ‘ചിത്തിനി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
കൂടാതെ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന വള എന്ന ചിത്രമാണ് ധ്യാനിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.