കൊച്ചി: 25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ തിളങ്ങിയ വിപിന്‍ ആറ്റ്‌ലിയുടെ ‘മ്യൂസിക്കല്‍ ചെയര്‍’ നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക് എത്തി. മരണത്തെ ഭയമുള്ള മാര്‍ട്ടിന്‍ എന്ന എഴുത്തുകാരന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. മരണഭയത്തില്‍ നിന്നും രക്ഷപ്പെടാന്‍ അയാള്‍ നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയില്‍ പറയുന്നത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു വിപിന്‍ അറ്റ്‌ലീ സംവിധാനം ചെയ്ത മ്യൂസിക്കല്‍ ചെയര്‍. മനുഷ്യര്‍ക്ക് എല്ലാവര്‍ക്കും ഉള്ളതാണ് മരണഭയം. അച്ഛന്‍ മരിച്ചപ്പോള്‍ ഉള്ളില്‍ കയറിക്കൂടിയ ഭയത്തില്‍ നിന്നാണ് ഇത്തരമൊരു കഥയിലേക്ക് എത്തിച്ചേര്‍ന്നതെന്നും സംവിധായകന്‍ വിപിന്‍ പറയുന്നു. നേരത്തെ ഹാര്‍ട്ട് അറ്റാക്ക് കൊണ്ടുള്ള മരണത്തിനു ഒരു പ്രായപരിധി ഉണ്ടായിരുന്നു. എന്നാല്‍ ഇന്നങ്ങനെ അല്ല. ഹാര്‍ട്ട് അറ്റാക്ക് ഏതു പ്രായത്തിലുള്ളവരെയും പിടികൂടി കൊണ്ടിരിക്കുന്നു. അത് കൊണ്ടു കൂടിയാണ് ഇത് പോലൊരു കഥ തെരഞ്ഞെടുത്തതെന്നും വിപിന്‍ പറഞ്ഞു. തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണം എന്ന ഉദേശത്തോടെ ചെയ്ത സിനിമ ആയിരുന്നില്ല മ്യൂസിക്കല്‍ ചെയര്‍. എന്നാല്‍ വലിയ സ്‌ക്രീനില്‍ കാണുമ്പോള്‍ സന്തോഷമുണ്ടെന്നാണ് രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രദര്‍ശന സമയത്ത് വിപിന്‍ പറഞ്ഞത്. തന്റെ സിനിമയില്‍ അഭിനയിച്ചവരെല്ലാം അഭിനയിക്കണമെന്ന ആഗ്രഹവുമായി എത്തിയവരല്ല. തനിക്ക് ചുറ്റും ഉള്ളവര്‍ തന്നെയാണ് അതിലെ അഭിനേതാക്കള്‍. അലസമായി എടുത്ത ചിത്രം ആയിരുന്നു ഇത്. സിനിമ ഷൂട്ട് ചെയ്തത് തന്റെ ചുറ്റുവട്ടങ്ങളിലാണ്. ഒരു സ്വകാര്യ സന്തോഷത്തിന്റെ പുറത്താണ് ഈ സിനിമ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സ്‌പൈറോഗൈറയുടെ ബാനറില്‍ അലന്‍ രാജന്‍ മാത്യു,വിപിന്‍ ആറ്റ്‌ലി എന്നിവര്‍ ചേര്‍ന്നാണ്് ചിത്രത്തിന്റെ നിര്‍മാണം.ഹോംലി മീല്‍സ്, ബെന്‍, വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിപിന്‍ ആറ്റ്‌ലിയാണ് സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വിപിന്‍ ആറ്റ്‌ലിയാണ് പ്രധാന കഥപാത്രമായ മാര്‍ട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്. അലന്‍ രാജന്‍ മാത്യു,ജയ,എന്നിവരാണ് മറ്റു താരങ്ങള്‍. ഈ സിനിമയുടെ ഛായാഗ്രഹണം സാജിദ് നാസര്‍ നിര്‍വ്വഹിക്കുന്നു. വസ്ത്രാലങ്കാരംസുനില്‍ ജോര്‍ജ്.