
സംവിധായകനാകാൻ ഒരുങ്ങി അലക്സ് പോൾ. മലയാളികള്‍ക്ക് ഒട്ടേറെ മനോഹരമായ ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകനും ഹിറ്റ് മെലഡികളുടെ ശില്പിയും ആണ് അലക്സ് പോൾ. ‘എവേക്’ എന്ന സിനിമയിലൂടെയാണ് സംവിധായകനായി അരങ്ങേറുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി ഈ ചിത്രത്തിനായുള്ള സജ്ജീകരണങ്ങളിലായിരുന്നു അലക്സ് പോൾ. കഥ, അഭിനയം, സാങ്കേതികം എന്നിവയിൽ പുതുമയും വൈവിധ്യവും കൊണ്ടുള്ള അവതരണ രീതിയിലൂടെയാണ് ‘എവേക്’ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സംഗീതരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അലക്സ് പോൾ ഇപ്പോൾ സിനിമയുടെ സംവിധാനത്തിലും തന്റേതായ അടയാളം കുറിക്കാനാണ് ഒരുങ്ങുന്നത്.
പാൻ ഇന്ത്യൻ സിനിമ കമ്പനി നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ നിർമ്മാതാക്കൾ അഡ്വ. ബിനു, ജയകുമാർ എന്നിവരാണ്. വിവിധ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
പാൻ ഇന്ത്യൻ സിനിമാ കമ്പനിയുടെ ഔദ്യോഗിക ലോഞ്ചിംഗ് 2025 ഏപ്രിൽ 5ന് തിങ്കളാഴ്ച കൊച്ചിയിൽ നടന്നു. നാൻസി ലാലാണ് ലോഞ്ചിംഗ് നിർവഹിച്ചത്. ലാൽ, ബാലു വർഗീസ്, ആൽബി തുടങ്ങിയ നിരവധി ചലച്ചിത്രപ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.
കാംപസ് ഹൊറർ പശ്ചാത്തലത്തിലായാണ് ‘എവേക്’ എത്തുന്നത്. സലാർ, എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ കാർത്തികേയ ദേവാണ് നായകനായി എത്തുന്നത്. എമ്പുരാനിൽ പ്രഥ്വിരാജിന്റെ ചെറുപ്പം അവതരിപ്പിച്ച നടനാണ് കാർത്തിക് . നായികയായി എത്തുന്നത് വിൻസിറ്റ്. ‘പേപ്പട്ടി’, ‘ഉഴവർ മകൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെയും, ‘ആംഗ്രി ബഡീസ്’, ‘പപ്പടവട’ പോലുള്ള വെബ് സീരിസുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട നടിയാണ് വിൻസിറ്റ്.
സിദ്ദിഖ്, ലാൽ, ജോണി ആന്റണി, ജോയ് മാത്യു, മകര ദേഷ്പാണ്ഡെ, ലെന, അരിസ്റ്റോ സുരേഷ്, അവാനി രാജേഷ്, തെരേസാ എമ്മാ ബ്രിജിത്ത്, ഹരി പത്തനാപുരം തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ജെയിൻ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും ജേർണലിസം-മാസ്കമ്മ്യൂണിക്കേഷൻ വിദഗ്ധയുമായ അശ്വതി അലക്സ് ഒരുക്കുന്നു. സംഗീത സംവിധാനം അലക്സ് പോളിന് തന്നെയാണ്. വയലാർ ശരത് ചന്ദ്രവർമ്മ, സന്തോഷ് വർമ്മ, ഹരി പത്തനാപുരം എന്നിവർ ഗാനങ്ങൾ രചിക്കുന്നു.
വി. സാജൻ (എഡിറ്റിംഗ്), ബോബൻ (കലാസംവിധാനം), പട്ടണം റഷീദ് (മേക്കപ്പ്), സമീര സനീഷ് (കൊസ്റ്റ്യും ഡിസൈൻ), സ്റ്റൺ ശിവ (ആക്ഷൻ), റംസാൻ, ശ്രീജിത്ത് (നൃത്തസംവിധാനം), എഗ്ഗ് വൈറ്റ് (VFX), നിജേഷ് ചെറുവോട്ട് (സ്റ്റിൽസ്), പാൻസ് ചുൾ (ഡിസൈൻ), മുരളി വിജയ് (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവർ സാങ്കേതിക മേഖല കൈകാര്യം ചെയ്യുന്നു.
ചിത്രീകരണം ജൂൺ ആദ്യവാരം മുതൽ തെങ്കാശി-കുറ്ത്താലം പ്രദേശങ്ങളിൽ ആരംഭിക്കും. സ്നേഹം മൂവീസാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.