വ്യത്യസ്തമായ സോഷ്യല്‍ മീഡിയ പ്രൊമോഷനുമായി ശ്രദ്ധ നേടുകയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രം. ഇപ്പോള്‍ ചിത്രത്തിലെ ഒരു ഗാനവും വൈറലാകുകയാണ്. ചിത്രത്തിലെ പ്രധാനകഥാപാത്രമായ അഡ്വ.മുകുന്ദനുണ്ണിയെ അവതരിപ്പിക്കുന്ന വിനീത് ശ്രീനിവാസനാണ് ഈ ഗാനം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
‘അഡ്വ.മുകുന്ദനുണ്ണി ഇപ്പോള്‍ അയച്ചുതന്നതാണിത്. ഞങ്ങളുടെ സിനിമയിലെ പാട്ട് മറ്റു പാട്ടുകളുടെ വിഷ്വല്‍സ് വെച്ച് എഡിറ്റു ചെയ്തിരിക്കുന്നു. ഇത് ക്രൂരതയാണ്, കൊടുംക്രൂരത’ എന്നാണ് വിനീത് വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.
ഹിറ്റായ സിനിമാ ഗാനങ്ങളുടെ ദൃശ്യങ്ങളില്‍ തല വെട്ടി ഒട്ടിച്ചുകൊണ്ടാണ് വീഡിയോ എഡിറ്റു ചെയ്ത് പാട്ടിറക്കിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത,് ഷാരൂഖ് ഖാന്‍ തുടങ്ങിയ താരങ്ങള്‍ അഭിനയിച്ച ഹിറ്റ് ഗാനങ്ങളുടെ ഇടയ്ക്കാണ് അഡ്വ.മുകുന്ദനുണ്ണിയുടെ തല വെട്ടിയൊട്ടിച്ചത്.
നേരത്തെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ അഡ്വ. മുകുന്ദനുണ്ണി എന്ന ഫെയ്സ്ബുക്ക് പേജ് ഉണ്ടാക്കിയിരുന്നു. ഈ പേജിലൂടെ പങ്കുവെച്ച പോസ്റ്റുകള്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിശ്വജിത്ത് ഒടുക്കത്തിലാണ് ക്യാമറ ചെയ്തത്. അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ് ചെയ്തത്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.