വിനീത് ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി അഭിനവ് സുന്ദര്‍ നായ്ക്ക് ആദ്യമായി സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. സംവിധായകന്റെ പ്രാധാന്യം കുറയുമെന്നതിനാല്‍ മറ്റ് ക്യൂ അംഗങ്ങളുടെ പേര് എഴുതിയിട്ടില്ല എന്ന് തമാശയായും ചിത്രത്തിന്റെ പോസ്റ്ററില്‍ കുറിച്ചിരിക്കുന്നു.
ഗോദ, ആനന്ദം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ എഡിറ്ററാണ് അഭിനവ്. കുഞ്ഞെല്‍ദോ എന്ന ചിത്രത്തിന് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
വ്യത്യസ്ത രീതിയിലുള്ള ചിത്രത്തിന്റെ പരസ്യം നേരത്തെ ശ്രദ്ധ നേടിയിരുന്നു. വിനീത് ശ്രീനിവാസന് വീട്ടു തടങ്കലില്‍ എന്ന ടൈറ്റിലോടെ പങ്കുവച്ച പത്രക്കുറിപ്പില്‍ സിനിമയുടെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത് വരുന്നത് വരെ വിനീത് വീട്ടു തടങ്കലില്‍ ആണെന്നും നായകനായി അഭിനയിച്ചില്ലെങ്കില്‍ വെട്ടിക്കൊല്ലുമെന്നാണ് അഭിനവിന്റെ ഭീഷണിയെന്നും പറയുന്നു. വഴങ്ങിക്കൊടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും തനിക്ക് മുന്നില്‍ ഇല്ലെന്നും സിനിമയില്‍ തന്നെ വെച്ച് അഭിനവ് കാണിക്കാന്‍ പോകുന്ന അക്രമങ്ങള്‍ക്ക് ഒന്നിനും താന്‍ ഉത്തരവാദി അല്ലെന്നും വിനീത് പറയുന്നുണ്ട്.
കഴിഞ്ഞ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം,
ചെന്നെ: ഫീല്‍ ഗുഡ് സിനിമകളില്‍ മാത്രം അഭിനയിച്ചു മുന്നോട്ട് പോയിരുന്ന എളിയ കലാകാരന്‍ ആയ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടില്‍ തടങ്കലിലിട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്‍ഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആണെന്ന് ഇതിനോടകം അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ടോവിനോ തോമസ്, അജു വര്‍ഗ്ഗീസ്, അടക്കമുള്ള ഒട്ടനവധി മുന്‍നിര അഭിനേതാക്കളുടെ നല്ല സീനുകള്‍ ഒരു കാര്യവും ഇല്ലാതെ നിഷ്‌ക്കരുണം വെട്ടി കളയുന്ന ഒരു സൈക്കോ ആണിയാള്‍ എന്നാണു സിനിമാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ വിനീത് നായകന്‍ ആയി അഭിനയിച്ചില്ലെങ്കില്‍ വെട്ടി കൊല്ലും എന്നാണ് ഭീഷണി.ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞത് ഇങ്ങനെ: ‘നാളെ വൈകിട്ട് 7 ന് സിനിമയുടെ അന്നൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തു വരുന്നത് വരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവന്റെ തീരുമാനം. ഭീഷണിക്ക് വഴങ്ങിക്കൊടുക്കുക എന്നല്ലാതെ വേറെ ഒരു മാര്‍ഗവും എന്റെ മുന്നില്‍ ഇല്ല. അതുകൊണ്ട് ഈ സിനിമയില്‍ എന്നെ വെച്ച് ഇവന്‍ കാണിക്കാന്‍ പോകുന്ന അക്രമങ്ങള്‍ക്ക് ഒന്നിനും ഞാന്‍ ഉത്തരവാദി അല്ല. നാളെ പോസ്റ്റര്‍ ഇറങ്ങുമ്പോള്‍ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ദൈവത്തെ ഓര്‍ത്തു ഷെയര്‍ ചെയ്യണം.