
പൃഥ്വിരാജിനേയും പാര്‍വതി തിരുവോത്തിനേയും പ്രധാനകഥാപാത്രങ്ങളാക്കി റോഷ്ണി ദിനകര്‍ സംവിധാനംചെയ്ത മൈ സ്‌റ്റോറിയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മുകുള്‍ ദേവ് (54) അന്തരിച്ചു. ഹിന്ദി- പഞ്ചാബി സിനിമാ- സീരിയല്‍ താരം കൂടിയാണ് മുകുള്‍ ദേവ്.
ആരോഗ്യസ്ഥിതി മോശമായിരുന്നതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സഹോദരന്‍ രാഹുല്‍ ദേവിനൊപ്പമായിരുന്നു താരത്തിന്റെ താമസം.
മാതാപിതാക്കളുടെ മരണശേഷം മുകുള്‍ ദേവ് തന്നിലേക്ക് ഒതുങ്ങിയിരുന്നുവെന്ന് മരണവാര്‍ത്ത സ്ഥിരീകരിച്ച വിന്ദു ധാരാ സിങ് പ്രതികരിച്ചു. . ഇക്കാലയളവില്‍ വീട്ടിന് പുറത്തിറങ്ങാറില്ലായിരുന്നുവെന്നും ആരേയും കാണാന്‍ കൂട്ടാക്കാറില്ലായിരുന്നുവെന്നും വിന്ദു ധാരാ സിങ് കൂട്ടിച്ചേര്‍ത്തു.
ഹിന്ദി, പഞ്ചാബി സിനിമകളിലൂടെ ശ്രദ്ധേയനായ മുകുള്‍ ദേവ് തെലുങ്ക്, കന്നഡ, ബംഗാളി, ഗുജറാത്തി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബെയര്‍ഫൂട്ട് വാരിയേഴ്‌സ് എന്ന ഇംഗ്ലീഷ് ചിത്രത്തിലും പ്രധാനവേഷം കൈകാര്യംചെയ്തു. സണ്‍ ഓഫ് സര്‍ദാറാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയചിത്രം.
ജലന്ധറില്‍ വേരുകളുള്ള പഞ്ചാബി കുടുംബത്തിലാണ് മുകുള്‍ ദേവിന്റെ ജനനം. ന്യൂഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം 1996-ലാണ് സിനിമാമേഖലയില്‍ സജീവമാകുന്നത്.