പ്രശസ്ത പിന്നണി ഗായകന് മുഹമ്മദ് അസീസ് അന്തരിച്ചു. 64 വയസ്സായിരുന്നു. കൊല്‍ക്കത്തയില്‍ ഒരു മ്യൂസിക് ഷോ കഴിഞ്ഞ് തിരിച്ച് മുംബൈയിലേക്കുള്ള യാത്രാ മധ്യേ ഹൃദയാഘാതം സംഭവിച്ച് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ നാനാവതി ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഹിന്ദി, ബംഗാളി, ഒഡിയ ചിത്രങ്ങളിലെല്ലാം പിന്നണി ഗായകനായി പ്രവര്‍ത്തിച്ച അസീസ് ഇന്ത്യയ്ക്ക് അകത്തും വിദേശത്തുമായി നിരവധിയേറെ സ്റ്റേജ് ഷോകളിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. മുഹമ്മദ് റാഫിയുടെ ആരാധകനായിരുന്ന മുഹമ്മദ് അസീസ് ബംഗാളി ചിത്രം ‘ജ്യോതി’യിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. 1984 ല്‍ ഇറങ്ങിയ ‘അമ്പര്‍’ ആയിരുന്നു അസീസ് പിന്നണി ഗായകനായ ആദ്യ ഹിന്ദി ചിത്രം. ‘മര്ദി’ല്‍ അമിതാഭ് ബച്ചനു വേണ്ടി പാടിയ രണ്ടു പാട്ടുകളാണ് അസീസിന്റെ കരിയറില്‍ ബ്രേക്ക് ആയത്. മ്യൂസിക് കംപോസര്‍ ആയ അനു മാലിക്കാണ് ഈ ഗാനങ്ങള്‍ അസീസിന് സമ്മാനിച്ചത്.
ലക്ഷ്മി കാന്ത് പ്യാരിലാല്‍, കല്യാണ്ജി ആനന്ദ്ജി, ആര് ഡി ബര്മന്, നൗഷാദ്, ഒ പി നയ്യാര്‍, ബാപ്പി ലാഹിരി തുടങ്ങിയവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ച ഗായകനായിരുന്നു അസീസ്. 1980 കള്‍ മുതല്‍ 1990 വരെ അനുരാധ പദുവാള്‍, ആശ ബോസ്ലെ, കവിത കൃഷ്ണ മൂര്‍ത്തി എന്നിവര്‍ക്കൊപ്പം നിരവധിയേറെ ഹിറ്റ് ഗാനങ്ങള്‍ ആലപിക്കാനും അസീസിനു കഴിഞ്ഞു.