ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ് സീരീസുകളിലൊന്നായ മണി ഹെയ്സ്റ്റ് അഞ്ചാം സീസണ് റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. സെപ്റ്റംബര്‍ 3ന് മണി ഹെയ്സ്റ്റ് സീസണ് 5 റിലീസിനെത്തും.ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടും മണി ഹെയ്സിറ്റിന്റെ പ്രദര്‍ശനം വളരെയധികം പ്രശസ്തി നേടിയതിനാല്‍, ജയ്പൂര്‍ ആസ്ഥാനമായുള്ള വെര്‍വ് ലോജിക് എന്ന സ്ഥാപനം സെപ്റ്റംബര്‍ 3 ന് ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിക്കുകയും, അതേ ദിവസം തന്നെ ഷോ റിലീസ് ചെയ്യുന്നതിനാല്‍ ‘നെറ്റ്ഫ്ലിക്സ് ആന്‍ഡ് ചില് ഹോളിഡേ’ ആയി പ്രഖ്യാപിക്കുകയും ചെയ്തു.
കമ്പനിയുടെ സിഇഒ അഭിഷേക് ജെയിന് സോഷ്യല്‍ മീഡിയയിലെ തന്റെ ജീവനക്കാര്‍ക്കുള്ള സന്ദേശത്തില്‍ കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ സമയത്ത് കഠിനാധ്വാനം ചെയ്തതിന് ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞു. ‘ഇടയ്ക്കിടെ ഇടവേള എടുക്കുന്നതില്‍ കുഴപ്പമില്ലെന്നും’ വെര്‍വ് ലോജിക് സിഇഒ പറഞ്ഞു.
”നുണ പറഞ്ഞ് ലീവുകള്‍ എടുക്കുന്നത് കുറയ്ക്കാനും കൂട്ട അവധി എടുക്കലും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് ഒഴിവാക്കാനും മാത്രമല്ല ചില സമയങ്ങളില്‍ ഊര്‍ജ്ജത്തിനായുള്ള മികച്ച മരുന്നുകളാണ് ഇത്തരം വിനോദങ്ങളെന്നും’ സോഷ്യല്‍ മീഡിയയില്‍ ജെയിന് പറഞ്ഞു,
”അതിനാല്‍ നിങ്ങളുടെ പോപ്കോണ്‍ എടുക്കൂ, നമ്മുടെ ഏറ്റവും പ്രിയപ്പെട്ട പ്രൊഫസറോടും മുഴുവന്‍ കഥാപാത്രങ്ങളോടും വിടപറയാന്‍ തയ്യാറാകൂ’ ബെല്ല സിയാവോ, ബെല്ല സിയാവോ’ എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ മെയില്‍ അവസാനിപ്പിച്ചത്.
ആളുകള്‍ യഥാര്‍ത്ഥത്തില്‍ ഒരു രസകരമായ അവധി ദിനത്തിനായി കാത്തിരിക്കുകയാണ്. ജീവനക്കാര്‍ വീട്ടില്‍ ഇരുന്ന് തുടര്‍ച്ചയായി ജോലി ചെയ്യുകയും അവര്‍ക്ക് ഒരു ദിവസം പോലും അവധി ലഭിക്കാതിരിക്കുകയും ചെയ്യുന്നതിനാലാണ് ഇങ്ങനെ ഒരു അവധി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്നാണ് അദ്ദേഹം പറഞ്ഞ്.
ജനപ്രിയ സ്പാനിഷ് നെറ്റ്ഫ്ലിക്സ് ഷോ ‘മണി ഹെയ്സ്റ്റിന്റെ’ അഞ്ചാമത്തെയും അവസാനത്തെയും സീസണ് സെപ്റ്റംബര്‍ 3ന് ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. ആഗോളതലത്തില്‍ മണി ഹെയ്സ്റ്റ് എന്നറിയപ്പെടുന്ന ഷോയുടെ അഞ്ചാം ഭാഗം രണ്ട് തവണകളായാണ് പുറത്തിറക്കുന്നത്. വോളിയം 1 സെപ്റ്റംബര്‍ 3 നും വോളിയം 2, 2021 ഡിസംബര്‍ 3നും സംപ്രേക്ഷണം ചെയ്യും.
.
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മണി ഹെയ്സ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്ലര് ഈ മാസം ആദ്യം പുറത്തിറങ്ങിയിരുന്നു. സീരിസിന്റെ അവസാന ഭാഗമാണ് അടുത്ത ദിവസം പുറത്തിറങ്ങുന്നത്. സീരിസിന്റെ ഇതുവരെയുള്ള ഭാഗങ്ങള്‍ വന്‍ വിജയമായിരുന്നു. മണി ഹെയ്സ്റ്റില്‍ പ്രൊഫസറായി വേഷമിടുന്ന അല്‍വാരോ മോര്‍ട്ടെ കഥാപാത്രത്തിന്റെ വേഷമണിഞ്ഞ് നില്ക്കുന്ന ഒരു ചിത്രം അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. മണി ഹെയ്സ്റ്റിന്റെ അടുത്ത സീസണിനായി ആരാധകര്‍ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് കാത്തിരിക്കുന്നത്. പ്രൊഫസര്‍ എന്ന സമര്‍ത്ഥനായ ആസൂത്രകന്റെ നേതൃത്വത്തില്‍ വന്‍മോഷണം നടത്തുന്ന ഒരു കൂട്ടം കള്ളന്മാരുടെ കഥയാണ് മണി ഹെയ്സ്റ്റ്. 10 എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹെയ്സ്റ്റിന് അവസാനമാകും. സീരീസിലെ ഏറ്റവും സംഘര്‍ഷഭരിതമായ എപ്പിസോഡുകള്‍ക്ക് വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.