
ഭക്തിയെന്നാൽ സംഗീതവും, സംഗീതമെന്നാൽ ഭക്തിയാണെന്നും പഠിപ്പിച്ചു തന്ന ഒരു വയലിനിസ്റ്റ് മാന്ത്രികനുണ്ട് മലയാള സംഗീത ലോകത്ത്.
എണ്‍പതുകളുടെ മധ്യത്തില്‍ തുടങ്ങി മൂന്നരപതിറ്റാണ്ടായി ഒരുപാട് മനോഹരഗാനങ്ങള്‍ ഒരുക്കി മലയാളത്തില്‍ ഇന്നും സജീവമായി നില്‍ക്കുന്ന സീനിയര്‍ സംഗീത സംവിധായകന്‍ ഔസേപ്പച്ചൻ. “സംഗീതമാണെന്റെ വഴി എന്ന് താൻ തിരഞ്ഞെടുത്തത് കോൺഫിഡൻസ് കൊണ്ടല്ല മറിച്ച് തന്റെ അഗാധമായ പ്രണയം കൊണ്ടാണെന്ന്” പറയുന്ന നിഷ്കളങ്കമായ മനുഷ്യൻ. ഇപ്പോഴിതാ തന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളുടെ പിന്നാമ്പുറങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഔസേപ്പച്ചൻ. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രണയത്തെ കുറിച്ചു സംസാരിക്കുമ്പോൾ “പ്രണയകാലം” സിനിമയെ കുറിച്ചാണ് പറയേണ്ടത്. അതിലെ “ഒരു വേനൽ പുഴയിൽ” എന്ന ഗാനം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. എന്റെ ട്യൂണിന് എനിക്ക് വേണ്ടി ആദ്യമായി വരികൾ എഴുതുന്ന പാട്ടുകൂടിയാണത്. സിനിമയിലെ മറ്റു ഗാനങ്ങളൊക്കെ തയ്യാറായിരുന്നെങ്കിലും ഇത് മാത്രം എത്ര ആയിട്ടും എനിക്ക് തൃപ്തിയായില്ല. വരികളുണ്ടാകുമ്പോഴാണ് ഒരു ട്യൂൺ പഠിച്ചെടുക്കാൻ എളുപ്പം. ഈ ട്യൂൺ റെഡി ആകാത്തത്കൊണ്ട് എന്റെ മദ്രാസിലുള്ള സുഹൃത്തിന്റെ പരിചയക്കാരനോട് ഞാൻ സഹായം ചോദിച്ചു. അവൻ വലിയ പാട്ട് കാരനൊന്നുമല്ല, പക്ഷെ നന്നായിട്ട് എഴുതും. അവനാ ഈണത്തിന് തമിഴിൽ ഒരടിപൊളി പാട്ടെഴുതി. ഞാനും ഡയറക്ടർ സാറുമൊക്കെ അത് തന്നെ സിനിമയിലെടുത്താൽ പോരെ എന്നാണ് കരുതിയത്. അത്രയ്ക്ക് പ്രൊഫഷണലായിരുന്നു. പിന്നീടാണ് അതിന്റെ മലയാളം ലിറിക്‌സ് റഫീഖ് അഹമ്മദ് എഴുതുന്നത്. പാട്ടിന്റെ വരികൾ പോലെ നടൻ അജ്മലും ആ ഗാനത്തിന്റെ വിശ്വലൈസേഷൻ മനോഹരമാക്കിയിട്ടുണ്ട്. ആ വരികൾ മനോഹരമായത് കൊണ്ടാണ് എനിക്ക് ആ പാട്ട് മനോഹരമാക്കാൻ കഴിഞ്ഞതെന്നാണ് അജ്മൽ പറഞ്ഞത്. ഔസേപ്പച്ചൻ പറഞ്ഞു.
അതുപോലെ തന്നെ എന്റെ സുഹൃത്തുകൂടിയായ ഭദ്രൻ അതി മനോഹരമായി പിച്ചറൈസ് ചെയ്തൊരു പടമാണ് “ഒളിമ്പ്യൻ അന്തോണി ആദം”. അതിലെ “നിലാപൈതലേ” എന്ന് തുടങ്ങുന്ന ഗാനം പേഴ്സണലി എനിക്ക് ഭയങ്കര ഇഷ്ടമുള്ള പാട്ടാണ്. കുഞ്ഞിലേ അച്ഛനും അമ്മയും വേർപെട്ട്, വികൃതിയായി, ഭയങ്കര അപ്‌നോർമലായി ജീവിക്കുന്ന ഒരു കുട്ടിയാണ് ആ ഗാനത്തിലെ പയ്യൻ. കാരണം അവനൊരിക്കലും ആ പ്രായത്തിൽ കിട്ടേണ്ട സ്നേഹം അച്ഛനമ്മമാരുടെ കയ്യിൽ നിന്ന് കിട്ടുന്നില്ല. അങ്ങനെയൊരു കുട്ടിയെ മോഹൻലാൽ ആശ്വസിപ്പിക്കുകയാണ്. തന്റെ കൈകളിലേക്ക് ചേർക്കുന്നതാണ് ആ ഗാനം. ആ രംഗം മോഹൻലാൽ വളരെ ഗംഭീരമായി ചെയ്തിട്ടുണ്ട്. സ്വന്തം മകനെ കെട്ടിപ്പിടിച്ച് പാടുന്ന ഭാവമാണ് ആ സമയത്ത് മോഹൻലാലിന്റെ മുഖത്ത്. ഔസേപ്പച്ചൻ കൂട്ടിച്ചേർത്തു.
ചെ റുപ്പം തൊട്ടേ സംഗീതതോടും സംഗീതോപകരണങ്ങളോടും വലിയ താലപര്യം കാണിച്ചിരുന്ന ഔസേപ്പച്ചന്‍ വയലിനില്‍ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എഴുപതുകളുടെ തുടക്കത്തില്‍ ദേവരാജന്‍ മാസ്റ്ററുടെ ടീമിന്റെ ഭാഗമായി. ചുരുങ്ങിയ കാലത്തിനുള്ളിൽ ദേവരാജന്‍, ഇളയരാജ അടക്കം തെന്നിന്ത്യയിലെ എല്ലാ മുന്‍നിര സംഗീത സംവിധായകര്‍ക്ക് വേണ്ടിയും വായിക്കുന്ന വളരെ തിരക്കേറിയ വയലിനിസ്റ്റ് ആയി. 1978ല്‍ ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തില്‍ പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടാണ് അദ്ദേഹം സംഗീത സംവിധാന രംഗത്തേക്ക് വരുന്നത്. അതില്‍ ഒരു വയലിനിസ്റ്റ് വേഷവും അദ്ദേഹം അവതരിപ്പിച്ചു. തുടർന്ന് 1983ല്‍ ഭരതന്‍റെ ഈണം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം പകര്‍ന്നു സ്വതന്ത്ര സംഗീത സംവിധായകന്‍ ആയി. 1985 ൽ പുറത്തിറങ്ങിയ “ കാതോടു കാതോരം” എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഗാന സംഗീത സംവിധായകനായി മാറി അദ്ദേഹം. പിന്നാലെ എത്തിയ പ്രണാമം, ചിലമ്പ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളുടെ ജനസ്വീകാര്യതയും 1987ല്‍ ‘ഉണ്ണികളേ ഒരു കഥപറയാം’ എന്ന ചിത്രത്തിന് ലഭിച്ച കേരള സംസ്ഥാന പുരസ്കാരവും ഔസേപ്പച്ചനെ മുന്‍നിരയില്‍ എത്തിച്ചു. ഭരതന്‍, കമല്‍, പ്രിയദര്‍ശന്‍, ഫാസില്‍, ജോഷി തുടങ്ങിയ മുന്‍നിര സംവിധായകരുടെ ചിത്രങ്ങളിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കി. ഹേയ് ജൂഡ്, മകന്‍റെ അച്ഛന്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ഈ സംഗീത യാത്രയില്‍ “ഒരേ കടൽ” (2007) എന്ന ചിത്രത്തിനു ദേശീയ അവാർഡും ‘ഉണ്ണികളേ ഒരു കഥപറയാം’ (1987), ‘നടൻ’ (2013) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും ഒരേ കടല്‍ (2007) എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനും സംസ്ഥാന അവാർഡും അദ്ദേഹം കരസ്ഥമാക്കി.