“ആരോപണ വിധേയർ മാറി നിൽക്കാത്തത് കൊണ്ടാണ് മോഹൻലാൽ രാജി വെച്ചത്”; മാലാ പാർവതി

','

' ); } ?>

‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് ആരോപണ വിധേയനായ നടൻ ബാബുരാജ് മാറി നിൽക്കാത്തത് കൊണ്ടാണ് നടൻ മോഹൻലാൽ സംഘടനയിൽ നിന്ന് രാജി വയ്ക്കാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കി നടിയും ‘അമ്മ’യുടെ മുൻ ഐസി കമ്മറ്റി അംഗവുമായ മാലാ പാർവതി. കൂടാതെ ജഗദീഷ് പൊതുസമൂഹത്തിനു സ്വീകാര്യനാണെങ്കിലും സംഘടന ഒരു പ്രതിസന്ധിയിൽ നിന്നപ്പോൾ സഹായിക്കുന്നു എന്ന രീതിയിൽ പ്രവർത്തിച്ചിട്ട് വാക്കുമാറിയ ആളാണെന്നും അത് എല്ലാവർക്കും അറിയാവുന്നതുകൊണ്ട് ജഗദീഷിനെതിരെ പലരും പ്രചാരണം നടത്തുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്നും മാല പാർവതി കൂട്ടിച്ചേർത്തു. മനോരമ ന്യൂസിന് നൽകിയ പ്രതികരണത്തിലാണ് താരം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

‘‘ആരോപണം നേരിട്ടവർ മത്സരിക്കുന്നത് ഉചിതമല്ല, താരസംഘടന ‘അമ്മ’ സമൂഹത്തിനിടയിൽ മാതൃകാപരമായിരിക്കണം. ദിലീപിനെതിരെ ഉണ്ടായ വിഷയം തൊട്ട് ഓരോ വിഷയം വരുമ്പോഴും പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ ഈ സംഘടനയ്ക്ക് മേൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓരോ സമയത്ത് അതാതു കാലങ്ങളിൽ പ്രശ്നമുള്ളവരെ മാറ്റി നിർത്തിയിട്ടുണ്ട്. ദിലീപ്, വിജയ് ബാബു, സിദ്ദിഖ് എന്നിവർ മാറിനിന്നു. സിദ്ദിഖ് മാറി നിന്നപ്പോഴാണ് ബാബുരാജിനെതിരെ ആരോപണം വന്നത്. ആ സമയത്ത് ശ്വേതാ മേനോൻ ബാബുരാജ് സ്റ്റെപ് ഡൗൺ ചെയ്യണം എന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പക്ഷേ അന്ന് അദ്ദേഹം അത് ചെയ്യാൻ തയാറാകാത്തതു കൊണ്ടാകണം മോഹൻലാൽ രാജി വയ്ക്കാം എന്ന് പറഞ്ഞിട്ട് അഡ്‌ഹോക് കമ്മിറ്റിയിലോട്ടു പോയത്. അതിനു ശേഷം വീണ്ടും ഒരു ഇലക്‌ഷൻ വരുന്ന സമയത്ത് ‘അമ്മ’യുടെ ഭരണ സമിതിയെയും സംഘടനയെയും പ്രതിസന്ധിയിലാക്കാതിരിക്കാനുള്ള ഒരു മാതൃക ബാബുരാജ് കാണിക്കണമായിരുന്നു. മാലാ പാർവതി പറഞ്ഞു

അതുപോലെ തന്നെ ഇടവേള ബാബു ആണ് മുന്നോട്ട് വരേണ്ടതെന്ന് ഒരുപാട് പേർക്ക് അഭിപ്രായമുണ്ട്. കാരണം അദ്ദേഹം ഉണ്ടായിരുന്നപ്പോൾ സംഘടനയിൽ നല്ല അച്ചടക്കം ഉണ്ടായിരുന്നു, അദ്ദേഹം പറ്റില്ല എന്ന് പറഞ്ഞു മാറി നിൽക്കുകയാണ്. പിന്നെ മത്സരത്തിന് മുന്നോട്ട് വന്ന പേരുകൾ വിജയരാഘവൻ ചേട്ടന്റെയും ചാക്കോച്ചന്റേയും ഒക്കെ ആയിരുന്നു. പക്ഷേ അവരും ഒഴിഞ്ഞു അതിനു അവരുടെ തന്നെ കാരണങ്ങൾ ഉണ്ടാകാം. പിന്നെ ജഗദീഷ് മത്സരിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. ജഗദീഷിന് പൊതുസമൂഹത്തിന്റെ ഒരു വലിയ പിന്തുണയുണ്ട്. കാരണം ഒരു വിഷയം വന്നപ്പോൾ അദ്ദേഹം ‘അമ്മ’യെ വിമർശിച്ചു മുന്നോട്ട് വന്നിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ഒരു ഹീറോ ഇമേജ് ഉണ്ട്. പക്ഷേ ‘അമ്മ’യിലെ അംഗങ്ങൾക്ക് മറ്റൊരു അഭിപ്രായമാണ്. പക്ഷേ ഇലക്ഷനിൽ നിൽക്കുന്നതിൽ ചെറിയ ശതമാനം മാത്രമേ എല്ലാവർക്കും സ്വീകാര്യരായവർ ഉള്ളൂ എന്നാണ് ‘അമ്മ അംഗങ്ങൾ പറയുന്നത്. ‘അമ്മ’യുടെ അംഗങ്ങൾ വലിയൊരു വിഭാഗമുണ്ട്. അവർക്ക് ശരിയെന്നു തോന്നുന്നവരെ അവർ വിജയിപ്പിക്കും. അവരുടെ തിരഞ്ഞെടുപ്പും പ്രധനമാണ്. അവരുടെ ശരിയോടൊപ്പം നമ്മൾ നിൽക്കും. ഞാൻ ഇതെല്ലം വ്യക്തിപരമായി പറഞ്ഞു എന്ന് മാത്രം.’’–മാലാ പാർവതി കൂട്ടിച്ചേർത്തു.