
ശ്രീലങ്കൻ പാർലമെന്റിൽ ലഭിച്ച സ്വീകരണത്തെക്കുറിച്ച് മനസുതുറന്ന് നടൻ മോഹൻലാൽ. തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് മോഹൻലാൽ നന്ദി അറിയിച്ചു. ഒപ്പം ശ്രീലങ്കൻ പ്രധാനമന്ത്രി ഡോ ഹരിണി അമരസൂര്യ, സ്പീക്കർ ഡോ. ജഗത് വിക്രമരത്‌ന, ഡെപ്യൂട്ടി സ്പീക്കർ ഡോ റിസ്‌വി സാലി, സുഹൃത്തായ ഇഷാന്ത രത്‌നായക എന്നിവർക്കൊപ്പമുള്ള ചിത്രവും മോഹൻലാൽ പങ്കുവെച്ചു. ‘ഈ സന്ദർശനം അവിസ്മരണീയമായ അനുഭവമായിരുന്നു’ എന്നായിരുന്നു സോഷ്യൽ മീഡിയയിൽ മോഹൻലാൽ കുറിച്ചത്.
മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മഹേഷ് നാരായണൻ ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂളിനായി മോഹൻലാൽ ഇപ്പോള്‍ ശ്രീലങ്കയിലാണ്. നടനെ ശ്രീലങ്ക ആഘോഷപൂർവം സ്വീകരിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. നേരത്തെ പാർലമെന്റിൽ നിന്നുള്ള മോഹൻലാലിൻറെ വീഡിയോയും സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. ഇതാണ് ഞങ്ങളുടെ ലാലേട്ടന്റെ പവർ എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. കേരളത്തിൽ നിന്നുള്ള ഒരു നടന് ശ്രീലങ്കൻ പാർലമെറ്റിൽ ലഭിച്ച ആദരത്തിന് സന്തോഷവും മലയാളികൾ പങ്കുവെക്കുന്നുണ്ട്.
അതേസമയം മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ ഉൾപ്പെടുന്ന സീനുകളുടെ ചിത്രീകരണം ആകും ശ്രീലങ്കയിൽ നടക്കുക. 80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ രചനയും മഹേഷ് നാരായണൻ തന്നെയാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്. സാമ്രാട്ട് പൃഥ്വിരാജ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.
ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്‍റം പ്രവീണ്‍. ശ്രീലങ്കയ്ക്ക് പുറമെ ലണ്ടന്‍, അബുദബി, അസര്‍ബൈജാന്‍, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി, കൊല്ലി എന്നിവിടങ്ങളും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്.