മോഹന്‍ലാല്‍ എന്ന നടനെ താരപദവിയിലേക്കുയര്‍ത്തിയ ആദ്യ ചിത്രമാണ് രാജാവിന്റെ മകന്. ഇന്ന് മലയാള സിനിമയിലെ ബോക്‌സ് ഓഫീസ് രാജാവായി ലാല്‍ ഉയരങ്ങളിലെത്തി നില്‍ക്കുമ്പോള്‍ 1986ല്‍ ഇതേ ദിവസം ജനിച്ച വിന്‍സെന്റ് ഗോമസ് എന്ന അധോലോക നായകന്റെ കഥാപാത്രത്തെക്കുറിച്ചുള്ള പോസ്റ്റുകളും സംഭാഷണങ്ങളുമാണ് സമുഹമാധ്യമങ്ങളില്‍ നിറയെ..
തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിലൊരുങ്ങിയ, മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ചിത്രമാണ് 1986ല്‍ പുറത്തിറങ്ങിയ ‘രാജാവിന്റെ മകന്‍’ എന്ന ചിത്രം. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ‘രാജാവിന്റെ മകന്‍’ റിലീസിനെത്തിയിട്ട് ഇന്നേക്ക് 33 വര്‍ഷങ്ങള്‍ പിന്നിടുന്നു. 33 വര്‍ഷങ്ങള്‍ക്കിപ്പുറവും ‘രാജാവിന്റെ മകനെ’യും വിന്‍സെന്റ് ഗോമസ് എന്ന അധോലോക നായകനെയും മലയാളി മറന്നിട്ടില്ലെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സമൂഹമാധ്യമങ്ങള്‍. #33YearsOfRajavinteMakan എന്ന ഹാഷ് ടാഗാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡായി കൊണ്ടിരിക്കുന്നത്.
ഡെന്നീസ് ജോസഫിന്റെ രചനയില്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രം, മോഹന്‍ലാല്‍ എന്ന നടനെ ഇപ്പോള്‍ കാണുന്ന സൂപ്പര്‍ താര പദവിയിലേയ്ക്ക് ഉയര്‍ത്തി കൊണ്ടുവന്ന ചിത്രം കൂടിയായിരുന്നു. സിനിമയോളം തന്നെ ആ ചിത്രത്തിലെ കഥാപാത്രമായ വിന്‍സെന്റ് ഗോമസ് എന്ന അധോലോക രാജാകുമാരനെയും പ്രേക്ഷകര്‍ ഹൃദയത്തിലേറ്റി.
1986 ലാണ് ‘രാജാവിന്റെ മകന്‍’ റിലീസിനെത്തിയത്. മോഹന്‍ലാലിനൊപ്പം രതീഷ്, സുരേഷ് ഗോപി, അംബിക തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രം സൂപ്പര്‍ഹിറ്റായതിനൊപ്പം ചിത്രത്തിലെ ഡയലോഗുകളും ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ”മനസില്‍ കുറ്റബോധം തോന്നി തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും ” , ‘രാജുമോന്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദറാരാണെന്ന്, ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്, കിരീടവും ചെങ്കോലും സിംഹാസനവുമുളള ഒരു രാജാവ്. പിന്നീട് എന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു. പ്രിന്‍സ്, രാജകുമാരന്‍, രാജാവിന്റെ മകന്‍”- തുടങ്ങിയ ഡയലോഗുകളെല്ലാം ആരാധകര്‍ ഏറ്റുപറഞ്ഞു. ഇന്നും മോഹന്‍ലാലിന്റെ ഏറ്റവും പോപ്പുലറായ സിനിമാ ഡയലോഗുകളെടുത്താല്‍ അതില്‍ ‘രാജാവിന്റെ മകനും’ പെടും. ഷിബു ചക്രവര്‍ത്തി എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് എസ്.പി. വെങ്കിടേഷ് ആയിരുന്നു. ഉണ്ണിമേനോന്‍ ആലപിച്ച ‘വിണ്ണിലെ ഗന്ധര്‍വ്വ വീണകള്‍’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് തമ്പി കണ്ണന്താനവുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു. തമ്പി കണ്ണന്താനത്തിന്റെ മരണവേളയില്‍ അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്, ”എന്റെ അഭിനയജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ സിനിമകളിലൊന്നായിരുന്നു രാജാവിന്റെ മകന്‍. ‘രാജാവിന്റെ മകന്‍’ വീണ്ടുമൊരിക്കല്‍ കൂടി പുനര്‍സൃഷ്ടിക്കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു, ചര്‍ച്ചകളും നടത്തിയിരുന്നു. പലകാരണങ്ങള്‍ കൊണ്ട് അതു നടന്നില്ല.”
മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതപ്പെട്ട കഥാപാത്രമായിരുന്നു ‘രാജാവിന്റെ മകനി’ലെ വിന്‍സെന്റ് ഗോമസ്. എന്നാല്‍ വിന്‍സെന്റ് ഗോമസിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാനുള്ള നിയോഗം മോഹന്‍ലാലിനെ തേടിയെത്തുകയായിരുന്നു. വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രം താനും സംവിധായകനും മമ്മൂട്ടിയ്ക്കു വേണ്ടി മാറ്റിവെച്ചതായിരുന്നു എന്ന് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് പറഞ്ഞു. മാധ്യമം ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന ‘നിറക്കൂട്ടുകളില്ലാതെ’ എന്ന തന്റെ ആത്മകഥയിലാണ് ഡെന്നീസ് ജോസഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
”അന്നത്തെ കാലത്ത്, സാധാരണ രീതിയില്‍ ഒരുവിധം നിര്‍മ്മാതാക്കളൊന്നും അംഗീകരിക്കാന്‍ സാധ്യതയില്ലാത്ത സബ്‌ജെക്ട്. നായകന്‍ തന്നെയാണ് വില്ലന്‍. പക്ഷേ തമ്പി കണ്ണന്താനത്തിന് ആ കഥാസാരം കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി. എനിക്ക് ഈ സിനിമ മമ്മൂട്ടി ചെയ്യണം എന്നായിരുന്നു ആഗ്രഹം. തമ്പിക്കും ഏറ്റവും അടുപ്പം മമ്മൂട്ടിയോടാണ്. അവര്‍ ആത്മസുഹൃത്തുക്കളായിരുന്നു. പക്ഷേ, ‘ആ നേരം അല്‍പ്പദൂരം’ പരാജയപ്പെട്ടതോടു കൂടി വീണ്ടും ഒരു പരാജിതന്റെ കൂടെ സിനിമ ചെയ്യാന്‍ മമ്മൂട്ടി മടിച്ചു. മമ്മൂട്ടി വിജയം വരിച്ചു നില്‍ക്കുന്ന ഹീറോ ആണ്. മമ്മൂട്ടിയ്ക്ക് കഥ വളരെ ഇഷ്ടമായിരുന്നു. പക്ഷേ, തമ്പിയുടെ പടത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി എന്തോ വിസമ്മതിച്ചു. ഞാന്‍ നിര്‍ബന്ധിച്ചു, തമ്പി ഒരുപാട് നിര്‍ബന്ധിച്ചു. എന്നിട്ടും മമ്മൂട്ടി സമ്മതിച്ചില്ല,” ഡെന്നീസ് ജോസഫ് എഴുതുന്നു.