
വേടനെ അറിയില്ലെന്ന് പറഞ്ഞ പ്രസ്താവനയ്ക്ക് വിശദീകരണം നൽകി ഗായകൻ എം ജി ശ്രീകുമാർ. വേടനെ അറിയില്ലെന്ന് അന്ന് പറഞ്ഞത് സത്യസന്ധമാണെന്നും, ഇന്നും തനിക്ക് വേടനെ വ്യക്തിപരമായി അറിയില്ലെന്നും എം ജി പറഞ്ഞു. എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ശേഷം വേടന്റെ പാട്ടുകള്‍ കേട്ട് തുടങ്ങിയെന്നും ഗംഭീരമായിട്ടുണ്ടെന്നും എം ജി കൂട്ടിച്ചേർത്തു. മനോരമ ഓണ്‍ലൈനിനോടായിരുന്നു എംജിയുടെ പ്രതികരണം.
“വേടനെ അറിയാമോ എന്ന് എന്നോട് ചോദിച്ചു, എനിക്ക് അറിയില്ലെന്ന് സത്യസന്ധമായി ഞാന്‍ മറുപടി പറഞ്ഞു. അന്ന് എനിക്ക് അദ്ദേഹത്തെ അറിയില്ലായിരുന്നു. ഇന്നും വ്യക്തിപരമായി പരിചയമില്ല. അതൊരു തെറ്റാണോ? അത് പറഞ്ഞതിന് സമൂഹമാധ്യമങ്ങളില്‍ മുഴുവന്‍ എനിക്കെതിരെ പ്രശ്‌നങ്ങളുണ്ടാക്കി. അതിന് ശേഷമാണ് അദ്ദേഹത്തിന്റെ റാപ്പ് ഗാനങ്ങളൊക്കെ ഞാന്‍ കേള്‍ക്കുന്നത്. ഗംഭീരമായിട്ടുണ്ട്. അദ്ദേഹം ജനപ്രീതി നേടിയ ഗായകനാണ്.” എംജി ശ്രീകുമാര്‍ പറഞ്ഞു.
”വേടന്‍ എനിക്കൊരു അനിയനെപ്പോലെയാണ്. എനിക്ക് അദ്ദേഹത്തോട് ഒരു വിരോധവുമില്ല. അദ്ദേഹം പാടുന്ന ജോണര്‍ വേറെയാണ്. അവിടെയൊരു താരതമ്യത്തിന്റെ ആവശ്യമേയില്ല. ഞാന്‍ പാടുന്നത് മറ്റൊരു തരത്തിലുള്ള പാട്ടാണ്. അത് ‘വേ’ ഇത് ‘റെ’. അതില്‍ താരതമ്യം ചെയ്യുകയേ അരുത്. നിങ്ങള്‍ അദ്ദേഹത്തിന്റെ പാട്ടിനും പോകൂ, എന്റെ പാട്ടിനും വരൂ.” എംജി ശ്രീകുമാർ കൂട്ടിച്ചേർത്തു.