മീ ടൂ തുറന്നു പറഞ്ഞ നടിമാര്‍ക്ക് പിന്തുണ ; പുതിയ ബ്ലോഗുമായി ഡബ്ല്യുസിസി

','

' ); } ?>

മീ ടൂ തുറന്നു പറയാന്‍ ധൈര്യം കാണിച്ച മൂന്ന് നടിമാരെ പിന്തുണയ്ക്കുന്നുവെന്ന് ഡബ്ല്യുസിസി. കൂടാതെ തങ്ങളുടെ പ്രവര്‍ത്തനങ്ങളും നിലപാടുകളും രേഖപ്പെടുത്താനായി പുതിയ ബ്ലോഗ് ആരംഭിക്കുകയാണന്നെും ഡബ്ല്യുസിസി ഫേസ്ബുക്കിലൂടെ അറിയിച്ചു. കുറ്റാരോപിതനായ ദിലീപ് അമ്മയുടെ അംഗമല്ല എന്ന വാര്‍ത്ത സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ അമ്മയില്‍ നിന്നും അക്രമിക്കപ്പെട്ട നടിയെയും മറ്റ് മുന്ന് പേരെയും രാജി വെക്കാന്‍ നിര്‍ബന്ധിതരാക്കിയത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പക്ഷപാതപരമായ നിലപാടാണെന്ന വസ്തുത ഇവര്‍ അവഗണിക്കുകയാണെന്നും ഡബ്ലുസിസി പറയുന്നു. ഒപ്പം മീടു തുറന്നുപറച്ചിലുകളെ രാജ്യം ശക്തമായി പിന്തുണയ്ക്കുന്ന ഈ സമയത്തും സ്ത്രീകളെ വെറും അലങ്കാര വസ്തുവായി കാണുന്ന മനോഭാവമാണ് അമ്മയുടെ ഭാഗത്ത് നിന്നു ഉണ്ടാകുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കുറ്റാരോപിതന്‍ ആയ ശ്രീ ദിലീപ് ഇപ്പോള്‍ അമ്മയുടെ അംഗം അല്ല എന്ന വാര്‍ത്ത ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു . എന്നിരുന്നാലും തങ്ങളുടെ ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി കാണിച്ച വിമുഖതയില്‍ (മുന്‍പ് ശ്രീ ദിലീപിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നിലപാടിലും) അതിയായ നിരാശ രേഖപ്പെടുത്തുന്നു. സമാനമായ സംഭവങ്ങള്‍ ഉണ്ടായാല്‍ ഭാവിയില്‍ ഒരു ഉദാഹരണം ആയി എടുത്ത് കാണിക്കാവുന്ന പ്രവര്‍ത്തനവും തീരുമാനങ്ങളും അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതായിരുന്നു. അക്രമത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയെയും , അവള്‍ക്കൊപ്പം മറ്റു മൂന്നു പേരെയും രാജി വെക്കാന്‍ നിര്‍ബന്ധിതരാക്കിയത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പക്ഷപാതപരമായ നിലപാടാണെന്ന വസ്തുത , അവര്‍ അവഗണിക്കുകയാണ്.

നമ്മുടെ രാജ്യം മീ ടൂ പോലെയുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണക്കുന്ന ഈ സമയത്തു , പരസ്പരവിരുദ്ധമായ പ്രസ്താവനകളും , ഉള്‍പ്പോരുകളും , സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും അമ്മയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്. മലയാള സിനിമ ലോകത്തു നടക്കുന്ന പലവിധം ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും , അത്തരത്തിലുള്ള ചൂഷണങ്ങളെ നിസ്സാരവല്‍ക്കരിക്കാനും ഉള്ള എല്ലാ ശ്രമങ്ങളോടുമുള്ള ഞങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊള്ളുന്നു . അമ്മയുടെ തന്നെ അംഗം
ആയ ശ്രീ ദേവികയുടെ പ്രസ്താവനയില്‍ നിന്നും , സംഘടനക്കുള്ളില്‍ അതിക്രമങ്ങളെ തുറന്നു പറയുന്നവരോടുള്ള മനോഭാവം വളരെ വ്യക്തമാണ്. സംഘടനയുടെ അവകാശവാദങ്ങളില്‍ നിന്നും ഒരുപാട് വൈരുധ്യം അവരുടെ നിലപാടുകള്‍ക്ക് ഉണ്ടെന്നുള്ള സത്യം തികച്ചും ആശങ്കാജനമാകമാണ്.

ഇത് ഒരു സംഘടനയുടെ മാത്രം പ്രശ്‌നം അല്ല എന്നും മുഴുവന്‍ സിനിമ മേഖലയെ തന്നെ ബാധിക്കുന്ന ഒന്നാണെന്നും അടിവരയിട്ടു ഞങ്ങള്‍ പറയുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയും യൂണിയനുകളുമായും മാറ്റു സംഘടനകളുമായും അവരവരുടെ ബന്ധപ്പെട്ടു , തങ്ങളുടെ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ച് ബോധവാന്മാരാവേണ്ടതുണ്ട്. എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങളുടെ സുരക്ഷക്കും , ക്ഷേമത്തിനും , സമത്വത്തിനും വേണ്ടി ആണ് പ്രവര്‍ത്തിക്കേണ്ടത്. എക്കാലവും കളക്ടീവുകളുടെയും , പലതരം യൂണിയനുകളുടെയും രൂപീകരണം തന്നെ എല്ലാ അംഗങ്ങള്‍ക്കും തങ്ങളുടെ അഭിപ്രായങ്ങളും , പരാതികളും പറയാനുള്ള ഒരു ഇടം ആണ് ലക്ഷ്യം ആക്കിയിരുന്നത്. എങ്കില്‍ മാത്രമേ, ചില വ്യക്തികളിലേക്ക് ഒതുങ്ങാതെ, എല്ലാ അംഗങ്ങളുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സംഘടനകള്‍ക്കാവു.

ഡബ്ല്യുസിസി എന്ന ഞങ്ങളുടെ കൂട്ടായ്മ , സിനിമ എന്ന മാധ്യമം നമ്മുടെ സമൂഹത്തില്‍ ചെലുത്തുന്ന ശക്തമായ സ്വാധീനത്തെക്കുറിച് കൃത്യമായ അവബോധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഉത്തരവാദിത്വമുള്ള കലാകാരന്മാര്‍ എന്ന നിലയില്‍ നമ്മുടെ സിനിമ മേഖലയുടെ ക്ഷേമത്തിനും , ഉന്നമനത്തിനും , നിലവിലുള്ള പ്രവര്‍ത്തന സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഡബ്ല്യുസിസി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച് തുറന്നു പറയാനുള്ള ധൈര്യം കാണിച്ച ദിവ്യ ഗോപിനാഥ് , ശ്രീ ദേവിക , ശ്രുതി ഹരിഹരന്‍ എന്നിവരെ ഞങ്ങള്‍ പിന്തുണക്കുകയും , അവര്‍ക്കൊപ്പം ഈ ചെറുത്തുനില്‍പില്‍ കൂടെ ഉണ്ടാകുമെന്നു അറിയിക്കുകയും ചെയ്യുന്നു.

ഞങ്ങള്‍ മുന്നോട്ടുവെച്ച അപേക്ഷകളോടും നിര്‍ദേശങ്ങളോടും അനുകൂലമായി പ്രതികരിച്ചു, സജീവമായി പ്രവര്‍ത്തിക്കാന്‍ ഉറപ്പു നല്‍കിയ കേരള സര്‍ക്കാരിനോടുള്ള അഗാധമായ നന്ദി അറിയിച്ചുകൊള്ളുന്നു. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെയും നിലപാടുകളെയും പിന്തുണക്കുന്ന എല്ലാവരോടും ഉള്ള നന്ദി രേഖപെടുത്തുന്നതിനോടൊപ്പം wcc.home.blog എന്ന ഞങ്ങളുടെ ബ്ലോഗ് നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ഡബ്ല്യുസിസിയോട് ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാന്‍ ഉള്ള ഒരു ഇടമാണ് ഇത് വഴി ഞങ്ങള്‍ ലക്ഷ്യമിടുന്നത്.