വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കുകയാണെന്ന് ചിന്മയിയുടെ വെളിപ്പെടുത്തലിന് പിന്നാലെ എ.ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തില്‍ ചിന്മയി പാടുന്നു. താന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന മലയാള ചിത്രം ‘ആടുജീവിതത്തി’ല്‍ ചിന്മയി ഒരു ഗാനം ആലപിച്ചിരിക്കുന്നതായി എ.ആര്‍.റഹ്മാനാണ് വെളിപ്പെടുത്തിയത്. ബെന്യാമിന്‍ രചിച്ച ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആണ് നായകന്‍. എ ആര്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ‘സര്‍വ്വം താളമയം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് റിലീസുമായി ബന്ധപ്പെട്ടു ചിത്രത്തിലെ നായകന്‍ ജി വി പ്രകാശ്, സംവിധായകന്‍ രാജിവ് മേനോന്‍ എന്നിവരുമായി സംസാരിക്കുകയായിരുന്നു എ ആര്‍ റഹ്മാന്‍.
Since Rahman sir said it himself, safe to say I have sung a beautiful song in Mr. Blessy’s film. https://t.co/W18PFxAPIx
— Chinmayi Sripaada (@Chinmayi) December 1, 2018
മീടൂ വെളിപ്പെടുത്തലിന് മുമ്പ് പ്രതിദിനം മൂന്ന് ഗാനങ്ങള്‍ വരെ താന്‍ ആലപിക്കാറുണ്ടായിരുന്നു എന്ന് ചിന്മയി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ’96’ എന്ന ചിത്രത്തിലെ ‘കാതലെ കാതലെ’ എന്ന ഹിറ്റ് ഗാനം പാടിയത് ചിന്മയി ആയിരുന്നു. ഒരു ഗാനം ഹിറ്റായാല്‍ അടുത്ത ഒരു മാസത്തോളം നല്ല അവസരങ്ങള്‍ വരാറുണ്ടായിരുന്നെന്ന് ചിന്മയി പറഞ്ഞു. എന്നാല്‍ വൈരമുത്തുവിനെതിരായ ആരോപണത്തിന് ശേഷം തനിക്ക് അവസരം കുറഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തമിഴിലെ തിരക്കേറിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റും ഗായികയുമാണ് ചിന്മയി ശ്രീപാദ. 96 അടക്കമുള്ള ചിത്രങ്ങളില്‍ തൃഷയ്ക്ക് ശബ്ദം നല്‍കിയത് ചിന്മയിയാണ്.