
തന്റെ പുതിയ ചിത്രത്തിന് പ്രേക്ഷകരുടെ പിന്തുണ അഭ്യർത്ഥിച്ച് കുറിപ്പ് പങ്കുവെച്ച് നടൻ മാത്യു തോമസ്. ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ എന്ന ചിത്രം പ്രേക്ഷകരെ നിരാശപെടുത്തില്ലെന്നും, പ്രേക്ഷകരാണ് തന്റെ ശക്തിയെന്നും, മാത്യു കുറിച്ചു. കൂടാതെ വിമർശനങ്ങളെപോലും വളർച്ചയ്ക്കുള്ള ഊർജമായി കാണുന്നുവെന്നും മാത്യു കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘‘എല്ലാവർക്കും നമസ്കാരം, ഏതാനും മണിക്കൂറുകൾക്കകം “നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്” തിയറ്ററുകളിൽ എത്തും. വളരെയധികം ഇമോഷണലായിട്ടുള്ള ഒരു നിമിഷമാണിത്. സംവിധായകൻ നൗഫൽ ഇക്ക, നിർമ്മാതാവ് സജിൻ ഇക്ക തുടങ്ങി ഈ സിനിമ തിയറ്ററിൽ എത്താൻ സഹായിച്ച എല്ലാവർക്കും എൻ്റെ നന്ദി അറിയിക്കുന്നു”. മാത്യു തോമസ് കുറിച്ചു.
“ഈ കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ പ്രേക്ഷകർ തന്ന വിമർശനങ്ങളും അഭിപ്രായങ്ങളും സ്നേഹവും എല്ലാം കണക്കിലെടുത്താണ് ഞാൻ എന്നെ തന്നെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. എന്റെ ഈ യാത്രയിൽ ഉയർച്ചയിലും താഴ്‌ചയിലും എല്ലാം കൂടെനിന്ന എല്ലാവർക്കും നന്ദി. ശ്യാമെന്ന കഥാപാത്രം അതിന്റെ പൂർണ്ണതയിൽ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. “നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്” നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. എല്ലാതരം പ്രേക്ഷകർക്കും തീയറ്റർ എക്സ്‌പീരിയൻസ് കിട്ടുന്ന ഒരു ചിത്രം ആയിരിക്കും ഇത്. എല്ലാവരും തിയറ്ററിൽ പോയി സിനിമ കാണുക അഭിപ്രായങ്ങൾ രേഖപ്പെടുത്തുക”. മാത്യു തോമസ് കൂട്ടിച്ചേർത്തു.
എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ ഒരു ഹൊറർ കോമഡി ചിത്രമാണ്. ചിത്രത്തിൽ മാത്യു തന്റെ ഇതുവരെയുള്ള സിനിമകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ആക്ഷൻ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മാത്യു തോമസിനൊപ്പം മീനാക്ഷി ഉണ്ണികൃഷ്ണൻ, റോഷൻ ഷാനവാസ്, ശരത് സഭ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, മെറിൻ ഫിലിപ്പ് തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപെൻ പട്ടേൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.