പലപ്പോഴും ജീവിതത്തില്‍ നമ്മളറിയാതെ നമ്മളെ ഒരുപാട് സ്വാധീനിക്കുന്ന ഒരു കാര്യമാണ് സംഗീതം. മാര്‍ക്കോണി മത്തായിയുടെ കാര്യത്തിലും അതങ്ങനെ തന്നെയാണ്. സനില്‍ കളത്തില്‍ എന്ന സംവിധായകന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അണിയിച്ചൊരുക്കിയ മാര്‍ക്കോണി മത്തായിയും ആ പഴയ റേഡിയോയും നിങ്ങളുടെ മുമ്പിലെത്തിയിരിക്കുകയാണ്.
ചില സിനിമകളങ്ങനെയാണ്.. പ്രണയവും ചെറിയ തമാശകളും നിറഞ്ഞ് സംഗീത സാന്ദ്രമായി ഒരു എഫ് എം പോലെ ആ ചിത്രത്തെ പ്രേക്ഷകന്‍ അനുഭവിക്കുന്നു. ജനപ്രിയ നടന്‍ ജയറാമിന്റെ മാര്‍ക്കോണി മത്തായി അത്തരം ഒരു എഫ് എം ആണ്. മാര്‍ക്കോണി മത്തായിയുടെ റേഡിയോയിലൂടെയാണ് ആ നാട്ടിലെ എല്ലാവരും രാവിലെ ഉണരുന്നത്. അദ്ദേഹത്തിന്റെ നിറഞ്ഞ പുഞ്ചിരിയും സ്‌നേഹവുമാണ് ആ തെരുവിന്റെ അലങ്കാരവും ജീവനും.
ജീവിതത്തില്‍ ഒരു പാട് ഹൃദയഹാരിയായ നിമിഷങ്ങളില്‍ ആകസ്മികമായി ആരോ തിരഞ്ഞെടുത്ത ഒരു പാട്ട് കേള്‍ക്കണമെന്ന് തോന്നാത്തവരായി ആരാണുള്ളത്. റേഡിയോ എന്ന സംഭവ ബഹുലമായ ആ വസ്തുവിന്റെ വില മനസ്സിലാവുന്നത് അവിടെയാണ്. തന്റെ പ്രിയപ്പെട്ട റേഡിയോയുടെ ഓളങ്ങളിലുടെ മുന്നോട്ട് തുഴയുന്ന മത്തായിയുടെ ജീവിതത്തിലേക്ക് അന്നയെന്ന പെണ്‍കുട്ടിയുടെ വരവ് ഒരു വഴിത്തിരിവായി മാറുകയാണ്.
ജീവിതത്തിലെപ്പോഴോ മത്തായി മറന്നു പോയ പ്രണയവും അതോടൊപ്പം ഒരു പഴയ റേഡിയോ ഗാനം പോലെ തിരിച്ചെത്തുന്നു. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഈ പ്രണയത്തിന് ഒരു മാറ്റ് കൂട്ടുന്നതോടെ മത്തായി അതില്‍ ലയിക്കുകയാണ്. എന്നാല്‍ അറിയാതെ സംഭവിക്കുന്ന ചില അന്വര്‍ത്ഥങ്ങളിലൂടെ മത്തായിക്ക് തന്റെ ജീവിതത്തില്‍ വീണ്ടും ഒറ്റപ്പെടേണ്ടി വരുന്നു. ഈ നിര്‍ണായക നിമിഷത്തില്‍ മത്തായി ഏറെ സ്‌നേഹിച്ച സംഗീതവും റേഡിയോയും അദ്ദേഹത്തിന്റെ ജീവിതത്തില്‍ വെളിച്ചം തൂവുകയാണ്.
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി തന്റെ വേഷം ചിത്രത്തില്‍ മനോഹരമായി അവതരിപ്പിച്ചു. ഒരു ചെറിയ അതിഥിവേഷത്തിനപ്പുറത്തേക്ക് ചിത്രത്തില്‍ തന്റെ സാന്നിധ്യം നിലനിര്‍ത്തിക്കൊണ്ട് അദ്ദേഹം കഥക്കൊപ്പം സഞ്ചരിച്ചു. പക്ഷെ മത്തായിയായി ജീവിച്ച് അവസാന ഭാഗം വരെ പ്രേക്ഷകന്റെ മനസ്സില്‍ നിറഞ്ഞുനിന്ന ജയറാം തന്നെയാണ് മികവുറ്റ പ്രകടനം കാഴ്ച്ചവെച്ചത്. മറ്റു പ്രധാന കഥാപാത്രങ്ങളായെത്തിയവരും ചെറിയ വേഷങ്ങളിലെത്തിയ എല്ലാ കഥാപാത്രങ്ങളും ചിത്രത്തിലേക്ക് ഇഴുകിച്ചേരുകയായിരുന്നു.
സനില്‍ കളത്തില്‍ എന്ന സിനിമാറ്റോഗ്രാഫ്രറും സംവിധായകനും ചിത്രത്തില്‍ ഒരാളാണെന്ന് അനുഭവപ്പെട്ടു. ആ ലയം തന്നെയാണ് മാര്‍ക്കോണി മത്തായി എന്ന ചിത്രത്തെ ഉടനീളം നയിക്കുന്നത്. ജയചന്ദ്രന്റെ സംഗീതവും ചിത്രത്തില്‍ നിറഞ്ഞു നിന്നു. സാലു കെ ജോര്‍ജിന്റെ വ്യത്യസ്ഥമായ അവതരണവും ഷമീര്‍ മുഹമ്മദിന്റെ ചിത്ര സംയോജനവും ചിത്രത്തിന്റെ ജീവന്‍ നിലനിര്‍ത്തി.
നമ്മള്‍ പലപ്പോഴും സന്തോഷിക്കാറുണ്ട്. എന്നാല്‍ ആരെയെങ്കിലും നമ്മള്‍ സന്തോഷിപ്പിക്കാറുണ്ടോ…? ജീവിതത്തില്‍ യഥാര്‍ത്ഥ സന്തോഷം നമ്മള്‍ കണ്ടെത്തുന്നത് അത് പങ്കുവെക്കുമ്പോഴാണ്. ഉച്ചയ്ക്ക് കഠിനമായ അദ്ധ്വാനത്തിന് ശേഷം എല്ലാവര്‍ക്കുമായി ആരോ ഡെഡിക്കേറ്റ് ചെയ്ത് ഒരു പാട്ട് നമ്മളൊരുമിച്ചിരുന്ന് ആസ്വദിക്കുന്നത് പോലെ.. ആ പാട്ട് കേള്‍ക്കാനായി മാര്‍ക്കോണി മത്തായിയുടെ റേഡിയോയ്ക്ക് നിങ്ങള്‍ക്ക് കാതോര്‍ക്കാം..