“തണലേകാൻ ഒരു വന്മരം ഉള്ളപ്പോൾ തണലിന്റെ വില പലരും മനസിലാക്കാതെ പോണു” ; സീമ ജി നായർ

','

' ); } ?>

മോഹൻലാലിനെ കുറിച്ചുള്ള വൈകാരികമായ കുറിപ്പ് പങ്കു വെച്ച് നടി സീമ ജി നായർ. ജനറല്‍ബോഡി വേദിയില്‍ നിന്നുള്ള മോഹന്‍ലാലിനൊപ്പമുള്ള തന്‍റെ ചിത്രവും കുറിപ്പിനൊപ്പം സീമ പങ്കു വെച്ചിട്ടുണ്ട്. “തണലേകാൻ ഒരു വന്മരം ഉള്ളപ്പോൾ തണലിന്റെ വില പലരും മനസിലാക്കാതെ പോണു. ആ മരം ഇല്ലാതായി കഴിയുമ്പോഴാണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്”, സീമ ജി നായര്‍ കുറിച്ചു.

താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്നലെ കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. മൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്താൻ ധാരണയായാണ് യോഗം അവസാനിച്ചത്. മോഹൻലാൽ പ്രസിഡന്‍റ് ആയി തന്നെ തുടരണമെന്ന് എല്ലാ താരങ്ങളും ഒരുപോലെ അഭിപ്രായപ്പെട്ടെങ്കിലും മോഹൻലാൽ വിസമ്മതം ശക്തമാക്കുകയായിരുന്നു. എന്നാൽ ജനറൽ ബോഡി യോഗത്തിൽ കുറെയധികം താരങ്ങൾ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് എല്ലാവരുടേയും പിന്തുണ ഉറപ്പാക്കിയതിന് ശേഷം മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂവെന്നും അതിന് ശേഷമേ താൻ പ്രസിഡന്‍റായി തുടരുകയുള്ളൂവെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു.

മൂന്ന് മാസത്തിനകം നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി താരസംഘടനയിൽ തെരഞ്ഞെടുപ്പ് നടക്കും. നിലവിലുള്ള അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി ഇന്നലെ അവസാനിച്ചു. ഇപ്പോൾ അഡ്ഹോക്ക് കമ്മിറ്റിയായി പ്രവർത്തിക്കുന്ന അംഗങ്ങൾ അതേ ചുമതല തെരഞ്ഞെടുപ്പ് പൂർത്തിയാകുംവരെ വഹിക്കും. താരസംഘടനയുടെ ഇത്തവണത്തെ ജനറൽ ബോഡിയിലെ പ്രത്യേകത 13 വർഷത്തിന് ശേഷം നടൻ ജഗതി ശ്രീകുമാർ പങ്കെടുത്തു എന്നതാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും യോഗത്തിനെത്തി. ലഹരിക്കെതിരെ സിനിമ സെറ്റുകളിൽ സ്വീകരിക്കേണ്ട നടപടികളടക്കം ജനറൽ ബോഡി യോഗം ചർച്ച ചെയ്തിട്ടുണ്ടായിരുന്നു.