“കഥാപാത്രവും നടിയും രണ്ടാണെന്ന ബോധം പ്രബുദ്ധരായ മലയാളികൾക്ക് ഉണ്ടാവണം, ആശയുടെ പ്രകടനം പ്രശംസിക്കപ്പെടണം”; മനോജ് കാന

','

' ); } ?>

‘ഖെദ്ദ’ ചിത്രത്തിലെ പ്രകടനത്തിന് നടി ആശാ ശരത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകൻ മനോജ് കാന. കലയെയും കലാകാരിയെയും വേർതിരിച്ചു കാണാൻ കഴിയാത്ത ഒരു വിഭാഗം ആളുകൾ നടത്തുന്ന വിമർശനങ്ങൾ അജ്‌ഞത മൂലമാണെന്നും, സിനിമയുടെ ലക്ഷ്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതിൽ വിഷമമുണ്ടെന്നും മനോജ് കാന പറഞ്ഞു. കൂടാതെ അഭിനയത്തെ വളരെ സീരിയസ് ആയി കാണുന്ന ആശാ ശരത്തിനെ പോലൊരാൾ ഇങ്ങനെയൊരു കഥാപാത്രം ചെയ്യാൻ കാണിച്ച തന്റേടം പ്രശംസിക്കണമെന്നും, ഇതും സോഷ്യൽ മീഡിയയുടെ ദുരുപയോഗമാണെന്നും മനോജ് കാന കൂട്ടിച്ചേർത്തു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ആശ ശരത്ത് മലയാളത്തിലെ ഗംഭീരയായ ഒരു നടിയാണ്. അഭിനയത്തെ വളരെ സീരിയസ് ആയി കാണുന്ന ഒരാൾ. ഇങ്ങനെയൊരു കഥാപാത്രം ചെയ്യാൻ അവർ കാണിച്ച തന്റേടമാണത് പ്രശംസ നേടേണ്ടത്. അവർ ഒരു ക്യാരക്ടറിനെയാണ് അവതരിപ്പിച്ചത്, അല്ലാതെ അവരല്ല ആ വ്യക്‌തി. ആ കഥാപാത്രം വിജയിച്ചു എന്നതിൻ്റെ തെളിവാണ് ഈ വിമർശനങ്ങൾ. കഥാപാത്രത്തെയും നടിയെയും വേർതിരിച്ചു കാണാൻ കഴിയാത്തവരാണ് തെറിവിളിക്കുന്നത്. ഇതും സത്യം പറഞ്ഞാൽ സോഷ്യൽ മീഡിയയുടെ ദുരുപയോഗമാണ്. ആശയുടെ മകൾ തന്നെയാണ് സിനിമയിലും മകൾ. വളരെ ബോൾഡ് ആയിട്ടാണ് അവർ ഇതിനെ കണ്ടത്. ഷൂട്ടിങ് സമയത്ത് ആ കുട്ടി മരിച്ചു കിടക്കുന്ന രംഗമൊക്കെ ഒറ്റ ടേക്കിലാണ് അവർ ചെയ്തത്. അത്രയും ഇമോഷണൽ ആയിരുന്നു അത്. സ്വന്തം മകൾ കൂടിയായതുകൊണ്ട് വല്ലാത്തൊരു മാനസികാവസ്‌ഥയിലാണ് അവർ അതിൽ അഭിനയിച്ചത്. കഥാപാത്രവും നടിയും രണ്ടാണെന്ന ബോധം പ്രബുദ്ധരായ മലയാളികൾക്ക് ഉണ്ടാവണം. അവരെ ചീത്ത വിളിക്കരുത്. അവരുടെ അഭിനയത്തിൻ്റെ വിജയമാണ് ഈ വിമർശനങ്ങൾ.” മനോജ് കാന പറഞ്ഞു.

“സിനിമയിലെ ചില സീനുകൾ ഇപ്പോൾ വളരെ മോശമായി പ്രചരിക്കുന്നത് കണ്ടു. ആ സിനിമയിൽ പ്രതിപാദിക്കുന്ന വിഷയം കാലിക പ്രാധാന്യമുള്ള വിഷയമാണ്. അത് മറ്റുള്ളവർക്ക് ഒരു മെസ്സേജ് എന്ന രീതിയിൽ ആണ് സിനിമ ചെയ്‌തത്‌. അതിനെ ആ രീതിയിൽ എടുക്കുകയാണ് വേണ്ടത് എന്നാണ് പ്രേക്ഷകരോട് പറയാനുള്ളത്. കഴിഞ്ഞ വർഷം തന്നെ എത്രയോ വീട്ടമ്മമാർ കാമുകന്മാരോടൊപ്പം ഒളിച്ചോടിയ വാർത്തകൾ കണ്ടു. സോഷ്യൽ മീഡിയ ഉപയോഗം കൊണ്ട് അങ്ങനെ വലിയ സാമൂഹിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ട് അത് അവതരിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ആളുകൾക്ക് ഒരു വീണ്ടുവിചാരം ഉണ്ടാവാൻ വേണ്ടിയുള്ള മെസ്സേജ് ആയിട്ടാണ് ഇത് ചെയ്തത്. ഈ സിനിമ കാണുമ്പോൾ അവർക്ക് ഭയങ്കര കുറ്റബോധം ഉണ്ടാവും. ചെറിയ എക്‌സ്‌പീരിയൻസ് ഉള്ളവർ പോലും ഈ സിനിമയെ ആക്രമിക്കുന്നത് അതുകൊണ്ടാണ്. ഈ സിനിമ കൊറോണയുടെ സമയത്താണ് ഷൂട്ട് ചെയ്‌തത്‌. അതുകൊണ്ട് തന്നെ ഒടിടിക്ക് വേണ്ടിയുള്ള രീതിയിലാണ് ഇതിൻറെ ഫ്രെയിമിങ് എല്ലാം.” മനോജ് കാന കൂട്ടിച്ചേർത്തു.