അഭിമുഖം സംവിധായകന്‍ മനോജ് കാന/പി ആര്‍ സുമേരന്‍
മലയാളത്തില്‍ കലാമൂല്യവും ജനപ്രിയവുമായ സിനിമകളൊരുക്കി ശ്രദ്ധേയനായ പ്രശസ്ത സംവിധായകന്‍ മനോജ് കാനയുടെ പുതിയ ചിത്രമാണ് ‘ഖെദ്ദ’. രാജ്യാന്തര ശ്രദ്ധയും ഒട്ടേറെ പുരസ്‌ക്കാരങ്ങളും നേടിയ ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഖെദ്ദ. ഏറെ സാമൂഹ്യ പ്രസക്തിയുള്ള ഖെദ്ദയുടെ വിശേഷങ്ങളും തന്റെ ചലച്ചിത്ര നിലപാടുകളും തുറന്നുപറയുകയാണ് മനോജ് കാന ഈ അഭിമുഖത്തിലൂടെ
താങ്കളുടെ പുതിയ ചിത്രം ഖെദ്ദ പറയുന്നത്?
പേര് സൂചിപ്പിക്കുന്നത് പോലെ’ഖെദ്ദ’ കെണിയുടെ കഥയാണ് പറയുന്നത്. സോഷ്യല്‍ മീഡിയ കൂടുതല്‍ ജനകീയമായതോടെ ഒട്ടേറെ സാമൂഹ്യപ്രശ്‌നങ്ങളും അതില്‍നിന്ന് ഉടലെടുക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ നവമാധ്യമങ്ങള്‍ ഉയര്‍ത്തുന്ന അതീവ ഗുരുതരമായ പ്രശ്‌നമാണ് ഖെദ്ദ ചര്‍ച്ച ചെയ്യുന്നത്.
ഖെദ്ദ ഉയര്‍ത്തുന്ന പുതുമയെന്താണ്?
തീര്‍ച്ചയായും ഏറെ പുതുമയുള്ള ചിത്രമാണ്. എല്ലാത്തരം പ്രേക്ഷകരെയും ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന സിനിമയാണ് ഖെദ്ദ. സാമൂഹ്യപ്രശ്‌നങ്ങളെ അതേ തീവ്രതയോടെ സമീപിക്കുക. റിയാലിറ്റിയാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഓരോ പ്രേക്ഷകര്‍ക്കും സ്വന്തം അനുഭവമായി തന്നെ ഈ ചിത്രം മാറുകയാണ്. ഉപാധികളില്ലാതെയാണ് ഖെദ്ദ വിഷയത്തെ സമീപിച്ചിരിക്കുന്നത്.
താങ്കളുടെ മുന്‍കാല ചിത്രങ്ങളില്‍നിന്ന് ഖെദ്ദ എങ്ങനെ വേറിട്ട് നില്‍ക്കുന്നു
എന്റെ എല്ലാ ചിത്രങ്ങളും സാമൂഹിക വിഷയങ്ങള്‍ പ്രമേയമാക്കിയുള്ളതായിരുന്നു. പിന്നോക്ക സമുദായത്തില്‍പ്പെട്ട തെയ്യം കലാകാരിയുടെ കഥയായിരുന്നു ചായില്യം. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിത ജീവിതമായിരുന്നു അമീബ. പാര്‍ശ്വവല്‍കൃത സമൂഹമായ ആദിവാസികളുടെ മുറിവേറ്റ ജീവിതം വരച്ചുകാട്ടുന്നതായിരുന്നു കെഞ്ചിര. അതുപോലെ തന്നെ ഇന്നത്തെ സമൂഹം നേരിടുന്ന വലിയ സാമൂഹ്യപ്രശ്‌നം തന്നെയാണ് ഖെദ്ദയും പ്രമേയമാക്കിയിട്ടുള്ളത്.
ആശാ ശരത്തും മകള്‍ ഉത്തര ശരത്തും കേന്ദ്രപാത്രങ്ങളായി?
വളരെ കരുത്തുള്ള ഒരു സ്ത്രീകഥാപാത്രമാണ് ഖെദ്ദയിലെ കേന്ദ്രകഥാപാത്രം. വളരെയേറെ അഭിനയസാധ്യതകള്‍ അനിവാര്യമായ കഥാപാത്രം കൂടിയായിരുന്നു. അങ്ങനെയാണ് ഞാന്‍ ആശാ ശരത്തിനെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്. കേന്ദ്ര കഥാപാത്രത്തിന്റെ മകളായി ഒരു പെണ്‍കുട്ടി കൂടി വേണമായിരുന്നു. അങ്ങനെ ആ കഥാപാത്രത്തിലേക്ക് ഉത്തര ശരത്തിനെയും ഉള്‍പ്പെടുത്തി. ആശാ ശരത്തും മകളും ഒരുമിച്ചത് സിനിമയ്ക്ക് ഏറെ ഗുണം ചെയ്തു. കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. കൂടാതെ ഉത്തര ശരത്തിന് ഈ ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനും കഴിഞ്ഞു.
ഖെദ്ദ റിലീസ് ഒ ടി ടി ആണോ?
തിയേറ്റര്‍ റിലീസാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും ഇപ്പോള്‍ അത്തരം കാര്യങ്ങളെക്കുറിച്ച് പറയാനാവില്ല. തിയേറ്ററുകള്‍ തുറക്കുന്ന മുറയ്ക്ക് ഖെദ്ദ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ചെറിയ സിനിമകള്‍ ഒ ടി ടി തടയുന്നതായി ആക്ഷേപമമുണ്ടല്ലോ?
ഉണ്ടായിരിക്കാം. ഒ ടി ടി സിനിമാ ആസ്വാദനത്തിന്റെ പുതിയ വാതായനമാണ് തുറന്നിട്ടിരിക്കുന്നത്. അതൊരു പുതിയ സാധ്യത തന്നെയാണ്. കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് തിയേറ്ററുകള്‍ കിട്ടാത്ത സാഹചര്യവും നിലവിലുണ്ട്. ഒ ടി ടി മാത്രമല്ല തിയേറ്ററുകളും ചില ചിത്രങ്ങള്‍ തഴയുന്ന സാഹചര്യം നിലവിലുണ്ട്. എനിക്കും അത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷേ നിയമപരമായി തന്നെ ഞാന്‍ ആ സാഹചര്യങ്ങളെ അതിജീവിച്ചിട്ടുമുണ്ട്.
ഖെദ്ദയ്ക്ക് അത്തരമൊരു തിയേറ്റര്‍ കിട്ടാത്ത സാഹചര്യം ഉണ്ടായാല്‍ ?
ഉണ്ടാകാന്‍ യാതൊരു സാധ്യതയുമില്ല. അത്തരമൊരു നീക്കമുണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ എനിക്ക് നന്നായിട്ടറിയാം. മുന്‍കാലങ്ങളിലും അങ്ങനെ തന്നെയാണ് ഞാന്‍ നീങ്ങിയിട്ടുള്ളത്. അതുകൊണ്ട് അത്തരത്തിലുള്ള ആശങ്കയോ ഉത്കണ്ഠയോ എനിക്കില്ല.
മനോജ് കാനയുടെ ചിത്രങ്ങള്‍ എപ്പോഴും ഒരു പ്രത്യേക വിഭാഗങ്ങളില്‍ അല്ലെങ്കില്‍ അരിക് വല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടേതാണ്?
തീര്‍ച്ചയായും എന്റെ സാമൂഹ്യ രാഷ്ട്രീയ നിരീക്ഷണങ്ങളാണ് എന്റെ സിനിമകള്‍. സാമൂഹ്യ പ്രതിബദ്ധതയാണ് ഒരു കലാകാരന്റെ കടമയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് സമൂഹത്തോട് മാത്രമേ പ്രതിബദ്ധതയുള്ളൂ. എന്റെ മുന്‍കാല സിനിമകളും നാടകങ്ങളുമൊക്കെ സമൂഹത്തിന്റെയും കൂടി സാമ്പത്തിക പങ്കാളത്തത്തോടെ ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ എനിക്ക് സമൂഹത്തോടും ജനങ്ങളോടുമാണ് പ്രതിബദ്ധത. വെറുതെ സിനിമ ചെയ്യാനോ പേരെടുക്കാനോ എനിക്ക് താല്പര്യമില്ല. സമൂഹത്തിന് വേണ്ടി ചിത്രങ്ങളൊരുക്കുക അതാണ് ഞാന്‍ ചെയ്യുന്നത്.
പുതിയ കാലത്ത് താരങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ നിലനില്പ്?
ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. സിനിമയില്‍ താരങ്ങള്‍ ഒരു ഘടകം മാത്രമാണ്. പ്രമേയത്തിനും ആവിഷ്‌ക്കാരത്തിനുമാണ് സിനിമയില്‍ പ്രാധാന്യം. അത് നല്ല രീതിയില്‍ അവതരിപ്പിക്കുന്നതിന് ഒട്ടേറെ ഘടകങ്ങള്‍ അനിവാര്യമാണ്. അതില്‍ ഒന്നുമാത്രമാണ് താരങ്ങള്‍ എന്നാണ് എന്റെ ഉറച്ച വിശ്വാസം.
മലയാളത്തില്‍ നല്ല സിനികള്‍ക്ക് ഇടമില്ലാതാകുകയാണോ?
വിപണിയുടെ നിയന്ത്രണം എല്ലാ മേഖലയെയും പോലെ സിനിമയെയും നിയന്ത്രിക്കുന്നുണ്ട്. അതുകൊണ്ടാണ് മാര്‍ക്കറ്റിന് അനുസരിച്ച് വലിയ ചിത്രങ്ങള്‍ വരുന്നത്. കൊമേഴ്‌സ്യല്‍ ചിത്രങ്ങള്‍ ഒരുക്കുന്നവര്‍ക്കെല്ലാം തന്നെ കലാമൂല്യവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ചിത്രങ്ങള്‍ ചെയ്യാനും അറിയാം. പക്ഷേ അവരെയും ഈ വിപണിയാണ് നിയന്ത്രിക്കുന്നത്. നിലവില്‍ ഒരു ചട്ടക്കൂട് ഇവിടെയുണ്ട്. അതിനനുസരിച്ചാണ് എല്ലാവരും സിനിമ ചെയ്യുന്നത്. അതിനെ പൊളിച്ച് നീക്കിയാല്‍ മാത്രമേ അല്ലെങ്കില്‍ തച്ചുടച്ചാല്‍ മാത്രമേ നല്ല ചിത്രങ്ങള്‍ ഒരുക്കാന്‍ കഴിയൂ. വ്യവസ്ഥയ്‌ക്കെതിരെ യുദ്ധം ചെയ്താല്‍ മാത്രമേ അത് നടപ്പിലാകുകയുള്ളൂ.