
‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ നടന് സൗബിന് ഷാഹിര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതം പ്രകടിപ്പിച്ചതോടെയാണ് ഹര്‍ജി പിൻ വലിച്ചത്. ഇത് സിവില്‍ തര്‍ക്കമല്ലേയെന്നും, ആര്ബിട്രേഷന് നിലനില്ക്കുകയല്ലേയെന്നുമായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.
കേസുമായി ബന്ധപ്പെട്ട ആര്ബിട്രേഷന് ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പിന്‍വലിക്കുന്നുവെന്ന് സിറാജിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് നിഖില്‍ ഗോയല്‍, അഭിഭാഷകന് എ. കാര്‍ത്തിക് എന്നിവര്‍ കോടതിയെ അറിയിച്ചത്.
കേസില്‍ സൗബിന് ഷാഹിര്‍, സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിറാജ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികൾക്ക് ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെ എന്നായിരുന്നു സിറാജിന്റെ പരാതി.
എന്നാൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ “പരാതിക്കാരന് പണം മുഴുവൻ താൻ നൽകിയെന്നും എന്നാൽ ചിത്രത്തിന്റെ ലാഭ വിഹിതം മാത്രമാണ് നൽകാൻ ഉള്ളതെന്നും” നടൻ സൗബിൻ ഷാഹിർ മൊഴി നൽകിയിരുന്നു. കൂടാതെ ലാഭം വിഹിതം നൽകാൻ താൻ പണം കണ്ടു വെച്ചിട്ടുണ്ടെന്നും അത് നൽകാൻ ഇരിക്കെ ആണ് പരാതി നൽകിയതെന്നും സൗബിൻ പ്രതികരിച്ചിരുന്നു.
പ്രതികൾക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഇവരുടെ മുൻകൂർ ജാമ്യം കോടതി തള്ളിയെങ്കിലും രണ്ടാമത്തെ തവണ നിബന്ധനകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികൾ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ വിളിക്കുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിബന്ധനയോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇരുന്നൂറ് കോടി രൂപയാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയ ബോക്സോഫീസ് കളക്ഷൻ. 2024ൽ ഇറങ്ങിയ ചിത്രം കേരളത്തിനകത്തും പുറത്തും വലിയ സ്വീകാര്യത നേടിയിരുന്നു.