
‘മഞ്ഞുമ്മൽ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം തള്ളി സുപ്രീം കോടതി. നിർമാതാക്കളിൽ ഒരാളായ ബാബു ഷാഹിർ ആണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നോയെന്ന് വ്യക്തമാവൂവെന്നും, ഈഘട്ടത്തിൽ എഫ്ഐആർ റദ്ദാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസ് കെ.വി. വിശ്വനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസിൽ പ്രതികളായ ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമാതാക്കളുടെ ആവശ്യം തള്ളിയത്. പരാതിയിൽ അന്വേഷണം നടന്നുവരികയാണെന്ന് കേസിലെ പരാതിക്കാരൻ്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കരുതെന്നും അവർ വാദിച്ചു.
ലാഭവിഹിതത്തിൽ 40% നൽകാമെന്ന് പറഞ്ഞ് തൻ്റെ പക്കലിൽനിന്ന് ഏഴുകോടി രൂപ തട്ടിയെന്നാണ് സിറാജ് ഹമീദിൻ്റെ പരാതി. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോണി ആന്റണി എന്നിവർക്കെതിരേയാണ് കേസ്. നടൻ സൗബിൻ ഷാഹിറിൻ്റെ പിതാവാണ് ഹർജിക്കാരനായ ബാബു ഷാഹിർ.