നടി മഞ്ജുവാര്യര്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുകയാണെന്ന വിമര്‍ശനവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. വനിതാ മതിലില്‍ നിന്നുള്ള പിന്‍മാറ്റം മഞ്ജുവിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നുവെന്നും ഡബ്ല്യുസിസിയില്‍ നിന്ന് പിന്‍മാറിയതിലൂടെ അവര്‍ മറ്റുള്ളവരെ ബലിയാടാക്കുകയായിരുന്നുവെന്നും ശ്രീകുമാര്‍ മേനോന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച പലരെയും മഞ്ജു കൈവിട്ടുവെന്നും പറയുന്നു.
ഒടിയന്‍ സിനിമ റിലീസ് ചെയ്തതിന് ശേഷമുണ്ടായ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ നിശ്ശബ്ദയായിരുന്ന മഞ്ജുവാര്യരുടെ നിലപാട് വേദനയുണ്ടാക്കി. രൂപീകരണത്തിനടക്കം പ്രധാന പങ്ക് വഹിച്ച ശേഷം ഡബ്ല്യുസിസിയില്‍ നിന്ന് പിന്‍മാറിയതിലൂടെ മഞ്ജുവാര്യര്‍ മറ്റുള്ളവരെ ബലിയാടാക്കുകയായിരുന്നു. വനിതാ മതിലില്‍ നിന്നുള്ള പിന്‍മാറ്റം ബാലിശവും പരിഹാസ്യവുമാണ്. കാപട്യം നിറഞ്ഞ നിലപാടുകളിലൂടെ മലയാളികളെ എല്ലാക്കാലവും കബളിപ്പിക്കാന്‍ കഴിയില്ലെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ മനസ്സിലാക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. അവര്‍ സമൂഹത്തില്‍ ഉണ്ടാക്കിയെടുത്ത നിലയും വിലയുമുണ്ട്, അത് കൃത്യമായ നിലപാടുകളിലൂടെ വന്നതാണ്. ഇപ്പോള്‍ ഇങ്ങനെയെല്ലാം ചെയ്യുന്നത് ആരെയെങ്കിലും ഭയന്നിട്ടാണോ എന്നും സംശയിക്കുന്നതായി ശ്രീകുമാര്‍ മേനോന്‍ പറയുന്നു.