ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിപ്പോയ അനുഭവം പങ്കുവെച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. കയറ്റം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സംഘം ഹിമാചലിലെത്തിയത്. സിനിമയുടെ 80 ശതമാനം ചിത്രീകരണം കഴിഞ്ഞപ്പോഴാണ് കാലാവസ്ഥ മോശമായത്. തുടര്‍ന്ന് ആപത്തൊന്നും കൂടാതെ സുരക്ഷിതമായ സ്ഥലത്ത് എത്താന്‍ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കഴിഞ്ഞ പത്തുദിവസങ്ങളില്‍ തങ്ങള്‍ക്കുണ്ടായ അനുഭവമാണ് അദ്ദേഹംപങ്കുവച്ചത്.
സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കഴിഞ്ഞ പത്ത് ദിവസമായി മൊബൈല്‍ റെയിഞ്ചും ഇന്റര്‍നെറ്റും ഇല്ലാത്ത ഹിമാലയന്‍ പര്‍വതങ്ങളിലായിരുന്നു. കേരളത്തിലെ മഴയും പ്രളയ ദുരിതങ്ങളും ഒന്നും അറിയാന്‍ കഴിഞ്ഞില്ല. നാടിന്റെ സങ്കടത്തില്‍ പങ്കു ചേരുന്നു. മഞ്ജു വാര്യര്‍ ഉള്‍പ്പെടെ ഇരുപത്തഞ്ച് പേരുള്ള ഒരു സംഘം ‘കയറ്റം’ എന്ന ഞങ്ങളുടെ പുതിയ സിനിമയുടെ ഷൂട്ടിനാണ് ഹിമാചലില്‍ ഹംപ്ത പാസിന് പരിസര പ്രദേശങ്ങളിലെത്തിയത്. ഒപ്പം സൗകര്യങ്ങള്‍ ഒരുക്കാന്‍ പരിചയസമ്പന്നരായ 10 സഹായികളും ഉണ്ടായിരുന്നു.
അപകടകരമായ ഹിമാലയന്‍ ട്രെക്കിംഗ് ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്യേണ്ട സിനിമയുടെ 80% വും ചിത്രീകരിച്ചു കഴിഞ്ഞപ്പോളാണ് 18ന് അപ്രതീക്ഷിതമായി കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായത്. സംഘത്തിലുള്ള ഓരോരുത്തരുടെയും മനഃസാന്നിദ്ധ്യം കൊണ്ടും ഷൂട്ടിനുള്ള സൗകര്യങ്ങള്‍ ചെയ്തു തന്നിരുന്ന മൗണ്ടന്‍ എക്‌സ്‌പെഡിഷന്‍ സംഘത്തിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടും കടുത്ത കാലാവസ്ഥയിലും അപകടകരമായ വഴികളിലൂടെ ഞങ്ങള്‍ ആറു മണിക്കൂര്‍ കൊണ്ട് സുരക്ഷിതമായ ചത്രൂ എന്ന സ്ഥലത്ത് നടന്നെത്തി. എല്ലാവഴികളും കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്നിരുന്നതിനാല്‍ രണ്ടുദിവസം പുറം ലോകവുമായി ബന്ധപ്പെടാനാകാതെവന്നു. ഞങ്ങളെ കൂടാതെ ഇരുനൂറോളം പേര്‍ ആ സ്ഥലത്ത് കുടുങ്ങിയിരുന്നു.
ഹിമാചല്‍ സര്‍ക്കാരിന്റെ ഇടപെടല്‍ എടുത്തു പറയേണ്ടതാണ്. മുഴുവന്‍ ആളുകളെയും സുരക്ഷിതരായി കുറഞ്ഞ സമയം കൊണ്ട് അവര്‍ പുറത്തെത്തിച്ചു. ഞങ്ങളുടെ സംഘത്തിലെ മൂന്നുപേര്‍ക്ക് കാലിനു ചെറിയ പരിക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ വാഹന ഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ ഞങ്ങള്‍ക്ക് ചത്രുവില്‍ തന്നെ നില്‍ക്കേണ്ടിവന്നു. പാദത്തിനുണ്ടായ പരിക്കും പേറി എട്ടു കിലോമീറ്റര്‍ പാറവഴികളിലൂടെ നടന്ന ആസ്ത ഗുപ്ത അതിശയിപ്പിച്ചു.
തടസങ്ങളിലൊന്നും തളരാത്ത ഒരു ഊര്‍ജ്ജം എല്ലാവരിലും ഉണ്ടായിരുന്നു. സിനിമ എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു. അത് തന്നെയായിരുന്നു വെളിച്ചവും. ഒരുതരം വലുപ്പച്ചെറുപ്പവും ഞങ്ങളിലില്ലായിരുന്നു.
മഞ്ജു വാര്യര്‍ എന്ന വലിയ അഭിനേതാവിനെയും കരുത്തുറ്റ മനുഷ്യസ്ത്രീയെയും അടുത്തറിയാന്‍ കഴിഞ്ഞു എന്നതായിരുന്നു എന്നെ സംബന്ധിച്ച് ഈ സിനിമായാത്രകൊണ്ട് വ്യക്തിപരമായ നേട്ടം. എല്ലാവരും സുരക്ഷിതരാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ. ഞങ്ങളുടെ സുരക്ഷക്കായി പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും നന്ദി. ഓരോ വാക്കുകള്‍ക്കും നന്ദി..