‘കണ്ണാടിക്കൂടും കൂട്ടി…’ വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ഗാനത്തിന് ചുവടുവെച്ച് മഞ്ജുവിന്റെ വൈറല്‍ ഡാന്‍സ്!

','

' ); } ?>

മഞ്ജുവാര്യര്‍, ബിജു മേനോന്‍, ദിവ്യ ഉണ്ണി, സുരേഷ് ഗോപി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മലയാളത്തിലെ എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് പ്രണയവര്‍ണ്ണങ്ങള്‍. ചിത്രത്തെ പോലെ തന്നെ അതിലെ ഗാനങ്ങളും പ്രേക്ഷകര്‍ ഹൃദയത്തിലേറ്റി. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗാനങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷകരുടെ ഇടയില്‍ സൂപ്പര്‍ ഹിറ്റാണ്.

വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായ ‘കണ്ണാടി കൂടും കൂട്ടി…’ എന്ന പാട്ടിനൊപ്പം മഞ്ജുവാര്യര്‍ കളിച്ച നൃത്തമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. വിദ്യാര്‍ഥികള്‍ക്കൊപ്പം ചുറുചുറുക്കോടെ ഡാന്‍സ് ചെയ്യുന്ന മഞ്ജുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ യൂണിയന്‍ ആഘോഷത്തിന്റെ ഭാഗമായി എത്തിയതായിരുന്നു താരം.

പരിപാടിക്കിടെ വേദിയിലേക്ക് കടന്നുവന്ന മഞ്ജുവിനെ വേദിയില്‍ നൃത്തം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ആദ്യം ഒന്ന് മടിച്ച് നിന്നെങ്കിലും തന്റെ ഏറെ പ്രിയപ്പെട്ട ഗാനത്തിനൊപ്പം പിന്നീട് മഞ്ജു എല്ലാം മറന്ന് ചുവടുവെക്കുകയായിരുന്നു. 1998 സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസും ചിത്രയും ചേര്‍ന്നാണ്. ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദന്‍ പുഴങ്കര എന്നിവര്‍ ചേര്‍ന്നെഴുതിയ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിദ്യാസാഗറാണ്.