ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിയ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും മഞ്ജുവാര്യരും അടങ്ങിയ സിനിമ ചിത്രീകരണ സംഘത്തിനടുത്ത് രക്ഷാപ്രവര്‍ത്തകര്‍ എത്തി. മഞ്ജു വാര്യരും സംഘവും ഇനി ഷൂട്ടിംഗ് കഴിഞ്ഞേ മടങ്ങൂ. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം സിനിമയുടെ ഷൂട്ടിങ്ങിനായി മണാലിക്കടുത്ത് ഛത്രുവിലെത്തി പ്രളയക്കെടുതികളില്‍ കുടുങ്ങിയ മലയാളി സംഘം, ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നതുവരെ ഛത്രുവില്‍ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
മഞ്ജുവിനെയും സംഘത്തെയും ചൊവ്വാഴ്ച രാത്രിയോടെ മണാലിയിലെത്തിക്കാന്‍ ഒരുക്കം നടത്തിയിരുന്നു. ഛത്രുവില്‍ നിന്ന് 22 കിലോമീറ്റര്‍ നടന്ന് രാത്രിയോടെ കോക്‌സര്‍ ബേസ് ക്യാമ്പിലെ സുരക്ഷിതകേന്ദ്രത്തിലെത്തിക്കാനായിരുന്നു പദ്ധതി. ഇവിടെനിന്ന്, പിന്നീട് മണാലിയിലെത്തിക്കാനും. എന്നാല്‍, ദുരിത സാഹചര്യങ്ങള്‍ക്ക് അയവു വന്നതോടെ ഛത്രുവില്‍ തുടരാന്‍ മഞ്ജു ഉള്‍പ്പെട്ട സംഘം തീരുമാനിക്കുകയായിരുന്നു.
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി വി മുരളീധരന്‍ ഇക്കാര്യം സംസാരിച്ചിരുന്നു. സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ സുരക്ഷിതരാണെന്ന് ഹിമാചല്‍ സര്‍ക്കാരും അറിയിച്ചിരുന്നു. ഷൂട്ടിംഗ് സംഘമടക്കം 140 ഓളം പേരാണ് ഛത്രുവില്‍ അകപ്പെട്ടിരുന്നത്. ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എ സമ്പത്തും ഇവരെ രക്ഷപ്പെടുത്തുന്നതിനായി ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു. ഛത്രുവിലേക്ക് ലാന്‍ഡ് ലൈന്‍, മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ ലഭ്യമല്ലെന്നും എങ്കിലും സംഘം സുരക്ഷിതരാണെന്നും രണ്ട് ദിവസം കൂടി കഴിക്കാനുള്ള ഭക്ഷണം കൈവശമുണ്ടെന്നും എ സമ്പത്ത് നേരത്തേ അറിയിച്ചിരുന്നു. മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരാണ് മഞ്ജു ഹിമാചലില്‍ കുടുങ്ങിയതായി അറിയിച്ചത്.