തൊഴിലാളികള്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ ‘മണികര്‍ണിക : ദി ക്വീന്‍ ഓഫ് ഝാന്‍സി’ പ്രമോട്ട് ചെയ്യില്ലെന്ന് ബോളിവുഡ് താരം കങ്കണ റണൗട്ട്. സിനിമയുടെ ഷൂട്ടിങ്ങ് സെറ്റിലും മറ്റ് പ്രീ-പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്തവര്‍ക്കും ഇതുവരെ ശമ്പളം നല്‍കിയിട്ടില്ലെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് കങ്കണയുടെ പ്രസ്താവന.
സിനിമാ മേഖലയിലെ തൊഴിലാളികളുടെയും ടെക്‌നീഷ്യന്മാരുടെയും അധ്വാനത്തെ വില കുറച്ച് കാണുകയാണെന്നും ഇത്തരം പ്രവണതകള്‍ താന്‍ വെച്ചു പൊറിപ്പിക്കില്ലെന്നും കങ്കണ പറഞ്ഞു. അവര്‍ക്ക് പ്രതിഫലം നല്‍കാത്തത് ശരിക്കും ദുഖമുണ്ടാക്കുന്നുവെന്നും കങ്കണ പറഞ്ഞു.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ സിനിമയ്ക്കായി പ്രവര്‍ത്തിച്ച നിരവധി പേര്‍ക്കായി 1.5 കോടിയോളം രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് നല്‍കാന്‍ ഉള്ളത്. എന്നാല്‍ ഈ ആരോപണങ്ങളെ നിര്‍മ്മാതാവ് കമാല്‍ ജെയിന്‍ നിഷേധിച്ചു. 70 ശതമാനത്തോളം ഇതുവരെ കൊടുത്തതായി അദ്ദേഹം പറഞ്ഞു. കങ്കണ ഝാന്‍സി റാണിയായി അഭിനയിക്കുന്ന ചിത്രമാണ് മണികര്‍ണിക.