
നടൻ ഉണ്ണിമുകുന്ദൻ മർദ്ദിച്ചെന്ന് പരാതി നൽകി ഉണ്ണിമുകുന്ദന്റെ മാനേജർ വിപിൻ കുമാർ വി. ടൊവിനോ തോമസ് നായകനായ നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാണ് മർദ്ദിച്ചതെന്നും വിപിൻ കുമാർ വ്യക്തമാക്കി. താമസിച്ചിരുന്ന കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും വിളിച്ചിറക്കി തന്നെ അസഭ്യം പറയുകയും കരണത്തടിക്കുകയും ചെയ്തെന്ന് ഇൻഫോപാർക്ക് പോലീസിന് നൽകിയ പരാതിയിൽ വിപിൻ പറഞ്ഞു. കൂടാതെ മറ്റൊരു താരം സമ്മാനമായി തന്ന കണ്ണട ചവിട്ടിപ്പൊട്ടിച്ചു, കൊല്ലുമെന്ന് ഭീഷണി പെടുത്തി. മാർകോയ്ക്കുശേഷം ഒരു സിനിമയും വിജയിച്ചില്ല. പുതിയ പടങ്ങൾ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണി മുകുന്ദന്. അതു പലരോടും തീർക്കുകയാണെന്നും വിപിൻ കുമാർ ആരോപിച്ചു.
‘‘ഉണ്ണി മുകുന്ദനു പലതരം ഫ്രസ്ട്രേഷനുണ്ട്. സംവിധാനം ചെയ്യാനിരുന്ന പടത്തിൽനിന്ന് ഗോകുലം മൂവീസ് പിന്മാറി. കൂടെയുള്ളവരോടാണ് ഉണ്ണി ഫ്രസ്ട്രേഷൻ തീർക്കുന്നത്. ആറു വർഷമായി ഉണ്ണിയുടെ മാനേജരാണ്. 18 വർഷമായി ഞാനൊരു സിനിമ പ്രവർത്തകനാണ്. അഞ്ഞൂറോളം സിനിമകൾക്കു വേണ്ടി ജോലി ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകൾക്കു പരാതി നൽകിയിട്ടുണ്ട്. ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയും. സിനിമാ സംഘടനകളായ ഫെഫ്കയ്ക്കും അമ്മയ്ക്കും പരാതി നൽകിയിട്ടുണ്ട്’’ – വിപിൻ പറഞ്ഞു.
ഒരു പ്രമുഖതാരം അനൗൺസ് ചെയ്ത ചിത്രത്തിൽനിന്ന് അദ്ദേഹത്തെ മാറ്റി പകരം ഉണ്ണി മുകുന്ദനെ വെച്ച് ചെയ്യണമെന്ന് ആ ചിത്രത്തിന്റെ നിർമാതാവിനോട് ആവശ്യപ്പെട്ടു. ആ ചിത്രത്തിന്റെ നിർമാതാവിനോട് ഇക്കാര്യം സംസാരിക്കാൻ നടൻ ഏല്പിച്ചത് തന്നെയാണെന്നും വിപിൻ പരാതിയിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച റിലീസായ ഒരു പ്രമുഖതാരത്തിന്റെ ചിത്രത്തെ അഭിനന്ദിച്ച് താൻ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടതുകാരണം ഉണ്ണി മുകുന്ദന് തന്നോട് വിദ്വേഷമുണ്ടാക്കി. തുടർന്ന് മാനേജർ പദവി ഒഴിയാൻ അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരം അങ്ങനെ ചെയ്തു. കഴിഞ്ഞദിവസം ഉണ്ണി മുകുന്ദൻ ഫോണിൽ വിളിക്കുകയും നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പുറത്ത് എവിടെയെങ്കിലുംവെച്ച് കാണാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. തുടർന്ന് അപ്രതീക്ഷിതമായി കഴിഞ്ഞദിവസം രാവിലെ താൻ താമസിക്കുന്ന കാക്കനാട്ടെ ഫ്ളാറ്റിൽ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഉണ്ണി മുകുന്ദൻ വന്നു. തുടർന്ന് ഒന്നാം നിലയിലെ ആളൊഴിഞ്ഞ പാർക്കിംഗ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചു. തന്റെ വിലകൂടിയ കൂളിംഗ് ഗ്ലാസ് നിലത്തെറിഞ്ഞ് പൊട്ടിച്ചു. ഈ ഗ്ലാസ് തന്നത് ഉണ്ണി മുകുന്ദൻ ശത്രുത പുലർത്തുന്ന മറ്റൊരു താരം സമ്മാനിച്ചതാണ്. അത് ഉണ്ണിക്കും അറിയാം. അതുകൊണ്ടുകൂടിയാണ് അത് എറിഞ്ഞുടച്ചത്. താടിയിലാണ് ആദ്യം മർദിച്ചത്. കൈകൾ ചേർത്തുപിടിച്ച് മർദിക്കാൻ ശ്രമിച്ചപ്പോൾ കുതറിയോടി. പക്ഷേ ഉണ്ണി മുകുന്ദൻ പിറകെ ഓടിയെത്തി മർദിക്കാൻ ശ്രമിച്ചു. അതുവഴിവന്ന ഫ്ളാറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റിയത്. ഇനി കൺമുന്നിൽ വന്നാൽ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിപിൻ പരാതിയിൽ പറഞ്ഞു. തന്റെ ജീവനും സ്വത്തിനും പോലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോൾ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തിരിക്കുന്നത്.