
‘ബത്ലഹേം കുടുംബ യൂണിറ്റ്’ എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി മമിത ബൈജു. ‘ചിത്രം ഒരു കംപ്ലീറ്റ് ഫൺ പരിപാടിയായിരിക്കുമെന്നും ചിത്രത്തിന് ഒരു ഗിരീഷ് എ ഡി ഫ്ലേവർ ഉണ്ടാകുമെന്നും’ മമിത പറഞ്ഞു. കൂടാതെ ചിത്രത്തിലെ കഥാപാത്രം ചെയ്യാൻ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും നടി കൂട്ടിച്ചേർത്തു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഒരു ഫൺ പരിപാടി തന്നെയാണ് ‘ബത്ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമ. ചിത്രത്തിന് ഒരു ഗിരീഷ് എ ഡി ഫ്ലേവർ ഉണ്ടാകും. അതിലെ കഥാപാത്രം ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്’, മമിത ബൈജു പറഞ്ഞു.
പ്രേമലു എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബത്ലഹേം കുടുംബ യൂണിറ്റ്’. കൂടാതെ ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രവുമാണിത്. നിവിൻ പോളി-മമിത ബൈജു കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
പ്രേമലുവിന് തിരക്കഥയൊരുക്കിയ ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് പുതിയ ചിത്രത്തിന്‍റെയും രചന നിര്‍വഹിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. സെപ്റ്റംബറില്‍ ഓണത്തിന് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് ദിലീഷ് പോത്തന്‍ അറിയിച്ചിരുന്നു.
ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം പ്രേമലു 2 ആകുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രം തുടങ്ങാന്‍ വൈകുമെന്ന ദിലീഷ് പോത്തന്‍ അറിയിച്ചിരുന്നു. ഗിരീഷ് എഡിക്കൊപ്പം മറ്റൊരു ചിത്രം ചര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിനിമയിലെ പ്രധാന അണിയറ പ്രവര്‍ത്തകര്‍ ഒന്നിക്കുന്ന ഒരു വീഡിയോയും ടൈറ്റില്‍ അനൗണ്‍സ്‌മെന്റിനൊപ്പം പുറത്തു വിട്ടിരുന്നു. ഛായാഗ്രഹണം അജ്മല്‍ സാബു, എഡിറ്റര്‍: ആകാശ് ജോസഫ് വര്‍ഗ്ഗീസ്. ഭാവന റിലീസ് ആണ് വിതരണം. പിആര്‍ഒ: ആതിര ദില്‍ജിത്ത്.