മാമാങ്കം സിനിമയുമായ് ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഇടപെടേണ്ടെന്ന് ഫെഫ്കയുടെ തീരുമാനം. നിയമനടപടി തുടങ്ങിയ കാര്യം സംവിധായകന്‍ സജീവ് പിള്ള മറച്ചുവെച്ചതിനാലാണ് പ്രശ്‌നത്തില്‍ ഇടപെടേണ്ടെന്ന് സംഘടന തീരുമാനിച്ചത്. ഇക്കാര്യം കാണിച്ച് സജീവ് പിള്ളക്ക് ഫെഫ്ക കത്തയച്ചു. മാധ്യമങ്ങളിലൂടെ സജീവ് പിള്ള സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും വിലയിരുത്തി . സംവിധായകനെ മാറ്റാമെന്ന കരാര്‍ നിര്‍മാതാവിന് സജീവ് ഒപ്പിട്ടുനല്‍കിയിട്ടുണ്ടെന്നും ഫെഫ്ക കണ്ടെത്തിയിരുന്നു .
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള സിനിമയുടെ പിന്നണിയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന മാമാങ്കം. വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണിത്. എന്നാല്‍ ഷൂട്ടിങ് പുരോഗമിക്കുമ്പോള്‍ ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങള്‍ ഉടലെടുത്തു. യുവതാരം ധ്രുവിനെ പുറത്താക്കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. തെന്നിന്ത്യന്‍ ഛായാഗ്രാഹകന്‍ ഗണേഷ് രാജവേലു, ആര്‍ട് ഡയറക്ടര്‍ സുനില്‍ ബാബു, കോസ്റ്റിയൂം ഡിസൈനര്‍ അനു വര്‍ദ്ധന്‍ എന്നിവരും ചിത്രത്തില്‍ നിന്നും പുറത്തായി. പുറത്താക്കല്‍ തീരുമാനങ്ങള്‍ സജീവ് പിള്ള അറിഞ്ഞിരുന്നില്ല. അവസാനം സംവിധായകനായ സജീവ് പിള്ളയെ മാറ്റിയതായും വാര്‍ത്തകള്‍ വന്നു.
അതിനിടെ അമിതസ്വാതന്ത്ര്യമെടുക്കുന്നുവെന്ന ആരോപണങ്ങള്‍ക്കടക്കം മറുപടി നല്‍കി ചിത്രത്തിന്റെ നിര്‍മാതാവ് വേണു കുന്നപ്പിളളി രംഗത്തുവന്നിരുന്നു. വിവാദങ്ങളില്‍ നിര്‍മാതാവ് ഇതാദ്യമായാണ് പരസ്യമായി പ്രതികരിക്കുന്നത്. ഇനി പ്രശ്‌നങ്ങള്‍ക്കില്ല, സിനിമ പൂര്‍ത്തിയാക്കണം, ചര്‍ച്ചകള്‍ക്കൊടുവില്‍ മാമാങ്കം വീണ്ടും തുടങ്ങുമ്പോള്‍ നിര്‍മാതാവിന് പറയാനുളളതിതാണ്.
സംവിധായകനുമായി പല തവണ ചര്‍ച്ചകള്‍ നടത്തി. നീണ്ട ഷെഡ്യൂളുകളില്‍ കോടികള്‍ ചിലവായി. ക്രിയേറ്റീവ് ഡയറക്ടറെ വെക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. അസോസിയേഷനുമായി പലതവണ ചര്‍ച്ചകള്‍ നടത്തി. സംവിധായകനെ മാറ്റണമെന്നാവശ്യത്തിലുറച്ച് നിന്നു. തിരക്കഥയുടെ മേലുളള എല്ലാ അവകാശവും തനിക്കാണ്. കരാര്‍ പ്രകാരം സംവിധായകനെ മാറ്റാനും അവകാശമുണ്ട്. പിന്നീട് വക്കീല്‍ നോട്ടിസുമായി വന്നതെന്തെന്ന് അറിയില്ല. സമൂഹമാധ്യമങ്ങളിലൂടെ തന്നെ മോശക്കാരനാക്കി. സജീവ് പിളളയ്ക്ക് പകരം എം.പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി എത്രയും വേഗം ചിത്രം തിയേറ്ററിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.