
എല്ലാത്തിനും തുടക്കം എമ്പുരാൻ സിനിമ ആയിരുന്നു. എമ്പുരാനോട് സെൻസർ ബോർഡ് പുലർത്തിയ അമിത ജാഗ്രതയാണ് എല്ലാത്തിനും കാരണം.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി മലയാള സിനിമ സംഘടനകൾ. ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുമായി ബന്ധപ്പെട്ട സെൻസർ ബോർഡിന്റെ നിലപാടിനെതിരെയാണ് നിവേദനം സമർപ്പിച്ചിരിക്കുന്നത്. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ ചേർന്ന് നൽകിയ നിവേദനം കേന്ദ്രമന്ത്രിക്ക് കൈമാറിയെന്ന് നിർമാതാവ് ജി സുരേഷ് കുമാർ. നിവേദനം പരിശോധിക്കണമെന്ന് മന്ത്രി ഉറപ്പു നൽകിയെന്നും സുരേഷ് കുമാർ അറിയിച്ചു.
സുരേഷ് ഗോപിക്ക് അമർഷം ഉണ്ട്. അദ്ദേഹം എല്ലാം ഉള്ളിൽ ഒതുക്കുകയാണ്. അദ്ദേഹം കേന്ദ്ര മന്ത്രി ആയത് കൊണ്ട് പ്രതികരിക്കുന്നതിനു പരിമിതികൾ ഉണ്ട്. അദ്ദേഹത്തിന് വേണ്ടി ഞങ്ങൾ ശബ്ദം ഉയർത്തും. സെൻസർ ബോർഡിലെ ചില ആളുകൾ സെൻസിബിൾ ഇല്ലാതെ പ്രവർത്തിക്കുന്നുണ്ട്. എല്ലാത്തിനും തുടക്കം എമ്പുരാൻ സിനിമ ആയിരുന്നു. എമ്പുരാനോട് സെൻസർ ബോർഡ് പുലർത്തിയ അമിത ജാഗ്രതയാണ് എല്ലാത്തിനും കാരണം.ജി സുരേഷ് കുമാർ പറഞ്ഞു.
ഇതിനു മാർഗരേഖ ഉണ്ടാക്കേണ്ടത് സെൻസർ ബോർഡാണ്. കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സുരേഷ് കുമാർ കൂട്ടി ചേർത്തു.
അതേസമയം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ ഹൈക്കോടതി കണ്ടു. ജസ്റ്റിസ് എൻ നഗരേഷും കോടതി പ്രതിനിധികളും കാക്കനാട്ടെ സ്റ്റുഡിയോയിൽ എത്തിയാണ് സിനിമ കണ്ടത്. ചിത്രം കണ്ട് വിലയിരുത്തിയ കോടതി ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് കണ്ട് പരിശോധിക്കാനാണ് കോടതി അസാധാരണമായ തീരുമാനം എടുത്തത്. അപകീർത്തികരമായതോ വംശീയ അധിക്ഷേമുള്ളതോ ആയ യാതൊന്നും സിനിമയിൽ ഇല്ലെന്ന് സിനിമ കണ്ടാൽ കോടതിക്ക് ബോധ്യപ്പെടുമെന്ന് ഹർജിക്കാർ നേരത്തെ വാദിച്ചിരുന്നു. പൂർണമായും കോടതി നടപടികളോടെയാണ് പ്രദർശനം നടന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് പോലും പ്രവേശനം ഉണ്ടായിരുന്നില്ല.