
സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായി നടത്തിയ റാലിയിൽ, തിക്കിലും തിരക്കിലും പെട്ട് ആറ് കുട്ടികളടക്കം മുപ്പതിലധികം പേർ മരണപ്പെട്ടു. 12 പേരുടെ നില അതീവഗുരുതരമാണെന്നാണ്റിപ്പോർട്ടുകൾ.മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളിൽനിന്നുള്ള വിവരം. പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ആംബുലൻസുകൾ എത്തുകയാണ്.
തമിഴ്നാട്ടിലെ ആരോഗ്യ – വിദ്യാഭ്യാസ മന്ത്രിമാർ ഉടൻ കരൂരിലേക്ക് തിരിക്കും. ഇതു സംബന്ധിച്ച നിർദേശം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മന്ത്രിമാർക്കു നൽകിയിട്ടുണ്ട്. അപകടം ഉണ്ടായതിനു പിന്നാലെ തന്റെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങി.
പ്രചരണപരിപാടിയുടെ ഭാഗമായി തമിഴ് നാട്ടിലെ കരൂരിലാണ് റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളിൽനിന്ന് ജനങ്ങൾ ഒഴുകിയെത്തുകയായിരുന്നു. തിക്കും തിരക്കുമേറിയതോടെയാണ് ദുരന്തമുണ്ടായത്. കുഴഞ്ഞുവീണവരെ കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.