
വിജയ് ചിത്രം ജനനായകനെതിരെയുള്ള സെൻസർ ബോർഡിന്റെ അപ്പീൽ വിധി പറയാനായി മാറ്റി മദ്രാസ് ഹൈക്കോടതി. സെൻസർ ബോർഡിൻ്റേയും ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിൻയും വാദങ്ങൾ വിശദമായി കേട്ടശേഷമാണ് കോടതി ഹർജി വിധി പറയാനായി മാറ്റിയത്. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്‌തവ, ജസ്റ്റിസ് ജി. അരുൺ മുരുകൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സിബിഎഫ്‌സിയുടെ അപ്പീലിൽ വാദം കേട്ടത്.
ജനുവരി 9ന് ജനനായകന് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന് വിധിച്ചുകൊണ്ട് ചിത്രം റിലീസ് ചെയ്യാൻ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവ് നൽകിയിരുന്നു. ജസ്റ്റിസ് ആശയായിരുന്നു ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് സെൻസർ ബോർഡ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നത്. സിബിഎഫ്‌സി നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഡിവിഷൻ ബെഞ്ച്, അന്ന് തന്നെ സിംഗിൾ ബെഞ്ചിൻ്റെ വിധി സ്റ്റേ ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ വാദത്തിനിടയിൽ ചിത്രത്തിന് 14 കട്ടുകൾ വേണമെന്ന് സെൻസർബോർഡ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് ഇടക്കാല നിർദേശം മാത്രമാണെന്നും അന്തിമ തീരുമാനമല്ലെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു.
ജനുവരി 9 നായിരുന്നു ചിത്രത്തിന്റെ ആദ്യത്തെ റിലീസ് ഡേറ്റ്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉള്‍പ്പടെ ആരംഭിച്ചിരുന്നു. പ്രദർശനം മാറ്റി വെച്ചതോടെ ഈ ടിക്കറ്റുകള്‍ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകള്‍ക്ക് അനുമതി നല്‍കുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്. തമിഴക വെട്രി കഴകം (ടിവികെ) എന്ന പാർട്ടി രൂപീകരിച്ചുകൊണ്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകർ ജനനായകനായി കാത്തിരുന്നത്.