
എസ് എസ് രാജമൗലിയുടെ ഏറ്റവും പുതിയ ബിഗ് ബഡ്ജറ്റ് ചിത്രം എസ്എസ്എംബി 29 ൽ ഭാഗമാവാനൊരുങ്ങി നടൻ മാധവനും. പിങ്ക് വില്ലയാണ് ഈ കാര്യം റിപ്പോർട് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെയാകും നടൻ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്എസ്എംബി 29. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയൊരു വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഈ വാരം ഹൈദരാബാദിൽ ആരംഭിക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. വമ്പൻ താരനിരയുള്ള സിനിമയില്‍ ആരൊക്കെ ഈ ഷെഡ്യൂളിന്റെ ഭാഗമാകുമെന്ന സൂചനകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. 2028ലായിരിക്കും ചിത്രം റിലീസിനെത്തുക.
രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് ‘എസ്എസ്എംബി 29’ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വെഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രം 1000 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.