
തന്റെ സിനിമകള്‍ ഒരു നൂറ് വര്‍ഷം കഴിഞ്ഞാലും ഇവിടെ നിലനില്‍ക്കണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് സംവിധായകൻ മാരി സെൽവരാജ്. കൂടാതെ ഇപ്പോൾ താനൊരു ചെറിയ സംവിധായകനാണെന്നും, വലിയ ബിസിനസ് നടക്കുന്ന സിനിമകള്‍ സംവിധാനം ചെയ്യുന്നവരാണ് വലിയ സംവിധായകരെന്നും മാരി സെൽവരാജ് കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കൊമേഴ്സ്യൽ സിനിമകളെ താണ്ടി ആളുകള്‍ സിനിമ ചെയ്യാന്‍ വരും. ആ സമയത്ത് എന്റെ സിനിമകൾ ഒരു ലൈബ്രറിയില്‍ എന്ന പോലെ അവിടെ ഉണ്ടാകും. ഈ സമൂഹത്തിന് ഞാൻ എന്ത് ചെയ്തു എന്നതിനുള്ള ഉത്തരം ഇപ്പോഴല്ല അവസാനം ആകുമ്പോഴേ മനസിലാകുകയുള്ളു. ഇപ്പോള്‍ അതെന്താണെന്ന് എനിക്കറിയില്ല. എന്റെ സിനിമകള്‍ നൂറ് വര്‍ഷം കഴിഞ്ഞാലും ഇവിടെ നിലനില്‍ക്കണമെന്നാണ് എനിക്ക്”.മാരി സെൽവരാജ് പറഞ്ഞു.
“ഇന്ന് ഞാൻ ചെറിയ സംവിധായകനാണ്. വലിയ ബിസ്സിനസ്സ് നടക്കുന്ന സിനിമകൾ സംവിധാനം ചെയ്യുന്നവരാണ് വലിയ സംവിധായകർ. സമൂഹത്തിനോട് ഫൈറ്റ് ചെയ്ത് സിനിമകള്‍ ചെയ്യുന്നവരെ ചെറിയ സംവിധായകനായാണ് ഇന്ന് കാണുന്നത്, പക്ഷേ എന്റെ അവസാന നാളുകളില്‍ ഞാന്‍ സിനിമ ചെയ്യാന്‍ കഴിയാതെ വയ്യാതെ ഇരിക്കുമ്പോള്‍, ഞാന്‍ എന്താണ് ചെയ്തതെന്ന് ആലോചിക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നും”; മാരി സെൽവരാജ് കൂട്ടിച്ചേർത്തു.
ധ്രുവ് വിക്രമിനെ നായകനാക്കിയൊരുക്കിയ ബൈസണാണ് മാരി സെൽവരാജിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രം മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. അനുപമ പരമേശ്വരൻ, രജിഷ വിജയൻ, പശുപതി, ലാൽ തുടങ്ങിയവരും ബൈസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ 48 ലക്ഷം രൂപയാണ് ചിത്രം ബോക്സോഫീസിൽ നിന്നും കളക്ട് ചെയ്തിരിക്കുന്നത്.