“മണി സാറിനെയെല്ലാം തൃപ്തിപ്പെടുത്താൻ സാധിച്ചതിൽ സന്തോഷം”; മാരി സെൽവരാജ്

','

' ); } ?>

ബൈസൺ ചിത്രത്തിനെ കുറിച്ചുള്ള മണിരത്നത്തിന്റെ പ്രതികരണത്തിൽ പ്രതികരിച്ച് സംവിധായകൻ മാരി സെൽവരാജ്. തന്റെ ‘പരിയേറും പെരുമാൾ’ മുതൽ എല്ലാ പടവും അദ്ദേഹം കണ്ടിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ പ്രതികരണം താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും മാരി സെൽവരാജ് വ്യക്തമാക്കി. കൂടാതെ അദ്ദേഹത്തിന് വാഴൈ കാണിച്ചുകൊടുത്തിട്ടുണ്ടായിരുന്നുവെന്നും, അന്ന് അധികം സംസാരിച്ചില്ലെന്നും സിൽവരാജ് കൂട്ടിച്ചേർത്തു. സിനി ഉലകത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബൈസൺ സിനിമ കണ്ടിട്ട് മണി രത്‌നം സാർ വിളിച്ച് അഭിനന്ദിച്ചു. നന്നായിട്ടുണ്ടെന്ന് പറഞ്ഞു. അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിന് എന്റെ സിനിമകളെല്ലാം ഇഷ്ടമാണ്. പരിയേറും പെരുമാൾ മുതൽ എന്റെ എല്ലാ പടവും അദ്ദേഹം കണ്ടിട്ടുണ്ട്. അദ്ദേഹം എപ്പോഴും എനിക്ക് സപ്പോർട്ടായി നിന്നിട്ടുണ്ട്. എപ്പോൾ കണ്ടാലും ഒരുപാട് നേരം സംസാരിക്കും, നല്ല രീതിയിൽ പെരുമാറും. അതൊന്നും ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ്. ബൈസൺ കണ്ടിട്ട് അദ്ദേഹം മെസേജയക്കുമെന്ന് ഒരിക്കലും കരുതിയില്ല. അദ്ദേഹത്തിന് വാഴൈ കാണിച്ചുകൊടുത്തിട്ടുണ്ടായിരുന്നു. അന്ന് അധികം സംസാരിച്ചില്ല’. മാരി സെൽവരാജ് പറഞ്ഞു.

‘പക്ഷേ, ബൈസൺ കണ്ട ഉടനെ അദ്ദേഹം എനിക്ക് മെസേജയച്ചു. ‘എനിക്ക് പടം വല്ലാത്ത ഷോക്കാണ്’ എന്നായിരുന്നു പറഞ്ഞത്. അത് കേട്ടപ്പോൾ സന്തോഷമായി. വളരെ ഓഥന്റിക്കായ വർക്കാണെന്നെല്ലാം പറഞ്ഞത് വലിയ അംഗീകാരമായിട്ടാണ് കരുതുന്നത്. മണി സാറിനെയെല്ലാം തൃപ്തിപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമാണ്,’ മാരി സെൽവരാജ് കൂട്ടിച്ചേർത്തു.

ധ്രുവ് വിക്രം നായകനായി എത്തിയ മാരി സെൽവരാജ് ചിത്രം ‘ബൈസൺ ‘ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ മണി രത്‌നം. മണി രത്നത്തിന്റെ സന്ദേശം മാരി സെൽവരാജ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘ബൈസൺ സിനിമ കണ്ടു, താങ്കളുടെ സിനിമയിൽ അഭിമാനിക്കുന്നു, ഒരുപാട് ഇഷ്ടമായെന്നും, മാരി സെൽവരാജാണ് യഥാർത്ഥ ബൈസണെന്നും’ പറഞ്ഞ മണി രത്‌നം, ഇത്തരം ശബ്ദങ്ങൾ ഇവിടെ ഉണ്ടാവേണ്ടത് പ്രധാനപ്പെട്ടതാണെന്നും കൂട്ടിച്ചേർത്തു.

മാരി സെൽവരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ‘ബൈസൺ’. ഒരു സ്പോർട്സ് ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. മലയാളത്തില്‍ നിന്ന് രജിഷ വിജയൻ, ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയിട്ടുണ്ട്. ദീപാവലി റിലീസായി എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് മാത്രം 5.67 കോടി രൂപയാണ് ബൈസണ്‍ ഇതുവരെ നേടിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തിൽ ചിത്രീകരിക്കുന്ന സിനിമ പ്രശസ്ത കബഡി താരം മാനത്തി ഗണേശിന്റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ബയോപിക് ആയിരിക്കില്ലെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.

അനുപമ പരമേശ്വരനാണ് ബൈസണിൽ നായികയായി എത്തിയത്. കൂടാതെ മലയാളത്തിൽ നിന്നും രജിഷ വിജയൻ, ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജാതി അതിക്രമങ്ങളെയും അനീതിയെയും കബഡി മത്സരത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന സിനിമ തിരുനൽവേലിയിൽ ഉണ്ടായ യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ബൈസൺ ഒരുക്കിയിരിക്കുന്നത്. ദേശീയ കബഡി താരവും അർജുന അവാർഡ് ജേതാവുമായ മനതി ഗണേശന്റെ ജീവിതത്തിൽ നിന്നും ചിത്രം പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്.