“തൊലിയുടെ നിറമോ സൗന്ദര്യമോ നോക്കിയല്ല, ഒരു കഥാപാത്രത്തിനുവേണ്ടി അവർ എത്രത്തോളം പോകാൻ തയ്യാറാണ് എന്ന് നോക്കിയാണ് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത്”; മാരി സെൽവരാജ്

','

' ); } ?>

“തൊലിയുടെ നിറമോ സൗന്ദര്യമോ പോലുള്ള പരിഗണനകളല്ല, മറിച്ച് കലയ്ക്കുവേണ്ടി പൂർണ്ണമായി സമർപ്പിക്കാനുള്ള സന്നദ്ധതയാണ് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ പ്രധാനമെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ മാരി സെൽവരാജ്. കഥാപാത്രങ്ങൾക്ക് ഇരുണ്ട നിറമുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ബൈസണിൽ കഥാപാത്രത്തിൻറെ പൂർണതയ്ക്കായി നായികമാരായ അനുപമയെയും, രജിഷയെയും ബ്രൗൺ ഫെയ്‌സിംഗ് ചെയ്‌തതിനെതിരെ മാരി സെൽവരാജിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

“ഓരോ വ്യക്തിയുടെയും താൽപ്പര്യവും കഴിവും അടിസ്ഥാനമാക്കിയാണ് ഞങ്ങൾ ആളുകളെ തിരഞ്ഞെടുക്കുന്നത്. അവരുടെ തൊലിയുടെ നിറമോ സൗന്ദര്യമോ നോക്കിയല്ല. ഒരു കഥാപാത്രത്തിനുവേണ്ടി അവർ എത്രത്തോളം പോകാൻ തയ്യാറാണ് എന്ന് നമ്മൾ നോക്കും. അവർ അവരുടെ ഹൃദയവും ആത്മാവും അതിനായി നൽകുന്നു. സംവിധായകരായ ഞങ്ങൾ നായികമാരെ തേടി നടക്കാറുണ്ട്. ഞങ്ങൾക്ക് പെട്ടെന്ന് ഒരു തീരുമാനമെടുക്കാൻ കഴിയില്ല.”മാരി സെൽവരാജ് പറഞ്ഞു.

“അത് തിരഞ്ഞെടുപ്പുകളെ ആശ്രയിച്ചിരിക്കും. ഇതിലും പ്രശ്‌നങ്ങളുണ്ട്. ശാരീരിക വെല്ലുവിളികളുള്ള ഒരു കഥാപാത്രമുണ്ടെങ്കിൽ, അതേ അവസ്ഥയിലുള്ള ഒരാളെ നമുക്ക് സിനിമയിൽ അഭിനയിപ്പിക്കാൻ കഴിയില്ല. നമുക്ക് അവരെ ബുദ്ധിമുട്ടിക്കാൻ കഴിയില്ല. അഭിനയവും കലയും ഒരുപാട് ആളുകളെ ഉൾക്കൊള്ളുന്നതാണ്. അതിനെ പുനഃസൃഷ്‌ടിക്കുക എന്നതാണ് പ്രധാനം.” മാരി സെൽവരാജ് കൂട്ടിച്ചേർത്തു.

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ‘ബൈസൺ’. ഒരു സ്പോർട്സ് ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. മലയാളത്തില്‍ നിന്ന് രജിഷ വിജയൻ, ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയിട്ടുണ്ട്. ദീപാവലി റിലീസായി എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് മാത്രം 5.67 കോടി രൂപയാണ് ബൈസണ്‍ ഇതുവരെ നേടിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തിൽ ചിത്രീകരിക്കുന്ന സിനിമ പ്രശസ്ത കബഡി താരം മാനത്തി ഗണേശിന്റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ബയോപിക് ആയിരിക്കില്ലെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.